‘പ്രിയപ്പെട്ട അപ്പു നീ എന്റെ കുഞ്ഞനുജനാണ്, ആശംസകള്‍ നേരുന്നു എന്ന് നിന്റെ ചാലു ചേട്ടന്‍’- പ്രണവിന് ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍- പോസ്റ്റ് വൈറല്‍

മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. ജീത്തു ജോസ്ഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെയാണ് പ്രണവ് സിനിമയിലെത്തുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ആശംസകള്‍ നേര്‍ന്നത്.

‘പ്രിയപ്പെട്ട അപ്പു,

ആദിയുടെ റിലീസിന് നിനക്ക് എല്ലാ ആശംസകളും നേരുന്നു. പൊടികുഞ്ഞായ നിന്നെ ആദ്യം കണ്ടത് മുതല്‍ നമ്മള്‍ തമ്മില്‍ കടുത്ത വലിയൊരു സ്നേഹബന്ധമുണ്ട്. നിനക്ക് ഏഴ് വയസ്സുള്ളപ്പോള്‍, ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് നമ്മള്‍ അടുത്ത കൂട്ടുകാരായത്. നീ എന്റെ കുഞ്ഞനുജനാണ്. നിന്റെ വളര്‍ച്ചയുടെ ഓരോ ചുവടും ഞാന്‍ ആഘോഷിക്കുകയും അതില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നിന്റെ അച്ഛനും അമ്മയും അനുജത്തിയും എത്രമാത്രം ആകാംക്ഷയിലാണെന്ന് എനിക്കറിയാം. പക്ഷെ ഒരു കാരണവശാലും അവര്‍ക്ക് ആകുലപ്പെടേണ്ട യാതൊരു കാരണവുമില്ല. കാരണം നീ ജനിച്ചത് സൂപ്പര്‍ സ്റ്റാര്‍ ആകാനാണ്, എന്ന് ചാലു ചേട്ടന്‍– ദുല്‍ഖര്‍ കുറിച്ചു.

സിനിമാരംഗത്ത് നിന്ന് നിരവധി ആശംസകളാണ് പ്രണവിനെ തേടിയെത്തുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടി പ്രണവിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നിരുന്നു. ആദിയുടെ റിലീസിന് മുന്നോടിയായി മോഹന്‍ലാല്‍ കുടുംബ സമേതം മമ്മൂട്ടിയുടെ വീട്ടിലെത്തിയത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു.’