ബ്ലാസ്റ്റേഴ്സ് വിട്ട സിഫ്‌നിയോസിനെ പോക്കാനൊരുങ്ങി എഫ് സി ഗോവ

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സൂപ്പര്‍ സ്ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസിനെ സ്വന്തമാക്കാന്‍ എഫ് സി ഗോവ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. എഫ് സി ഗോവയുടെ വിദേശതാരമായ അഡ്രിയാന്‍ കൊലുംഗ കഴിഞ്ഞ ദിവസം ക്ലബ് വിട്ടിരുന്നു. ഈ ഒഴിവിലേക്കാണ് മാര്‍ക്ക് സിഫ്‌നിയോസിനെ ക്ലബ് പരിഗണിക്കുന്നത്. സിഫ്‌നിയോസ് കൂടാതെ ഒരു സ്പാനിഷ് സ്‌ട്രൈക്കറെയും അഡ്രിയാനു പകരക്കാരനായി ഗോവ നോട്ടമിട്ടിട്ടുണ്ട്.

ലീഗില്‍ കേരളം ബ്ലാസ്റ്റേഴ്‌സിനുവേണ്ടി മികച്ച പ്രകടനം നടത്തിയ സിഫ്‌നിയോസിനെ സമീപിക്കാന്‍ ഇന്നലെയാണ് എഫ് സി ഗോവ തീരുമാനിച്ചത്. സിഫ്‌നിയോസുമായി ഇന്നലെ ഇതു സംബന്ധിച്ച് എഫ് സി ഗോവ ചര്‍ച്ചയും നടത്തി. ഇന്ത്യ വിടാന്‍ തീരുമാനിച്ച സിഫ്‌നിയോസ് എഫ് സി ഗോവയുടെ ക്ഷണം പൂര്‍ണ്ണമായും നിരസിച്ചിട്ടില്ല എന്നാണ് വിവരങ്ങള്‍. ഇന്നും എഫ് സി ഗോവയും സിഫ്‌നിയോസും തമ്മില്‍ ഉള്ള ചര്‍ച്ചകള്‍ നടക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ട് ഇന്ത്യയില്‍ തന്നെ സിഫ്‌നിയോസ് തുടരുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കും അതൃപ്തി ഉണ്ടാക്കിയേക്കും. സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി നാലു ഗോളുകള്‍ നേടിയ സിഫ്‌നിയോസിനെ റിലീസ് ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു.