ഉത്തര്‍പ്രദേശില്‍ അറുപതുകാരിയെയും മകനെയും വെടിവെച്ചുകൊന്നു ; 60 കാരിയുടെ മുഖത്ത് വെടിയുതിര്‍ത്തത് ഒൻപത് തവണ ഷോക്കിംഗ് വീഡിയോ

മീററ്റ് : ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന ക്രൂരമായ ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. തന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട സ്ത്രീയും മകനും സാക്ഷി പറയാന്‍ വ്യാഴാഴ്ച്ച ഹജാരാകാനിരിക്കെയാണ് അക്രമികള്‍ ഇരുവരെയും വകവരുത്തിയത്. 60വയസ്സുകാരിയായ അമ്മയുടെ മുഖത്ത് അക്രമികള്‍ ഒമ്പത് തവണ വെടിയുതിര്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. മകനെ മറ്റൊരിടത്ത് കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. ആദ്യം നെഞ്ചിൽ വെടിയേറ്റ് കട്ടിലില്‍ നിരങ്ങിയ സ്ത്രീയെ തോക്ക് വീണ്ടും റീ ലോഡ് ചെയ്താണ് മുഖത്ത് തുരുതുരെ വെടിവെക്കുന്നത്.. അപ്പോഴേക്കും ആറ് വെടിയുണ്ടകളേറ്റിരുന്നു അവര്‍ക്ക്.

ഇവര്‍ മരിച്ചെന്ന് ഉറപ്പു വരുത്താന്‍ പിന്നാലെ വന്ന രണ്ട് അക്രമികള്‍ വീണ്ടും വെടുയുതിര്‍ക്കുകയായിരുന്നു. കുറ്റകൃത്യം മുഴുവനും സിസിടിവിയില്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുറ്റവാളികള്‍ മുഖം തൂവാല കൊണ്ട് മറച്ചിരുന്നു. ഭൂമിയിടപാട് തര്‍ക്കത്തെതുടര്‍ന്ന് 2016ലാണ് നിചേതാര്‍ കൗറിന്റെ ഭര്‍ത്താവ് കൊലചെയ്യപ്പെടുന്നത്. കൊലപാതകത്തിന് ഇവരുടെ ചില കുടുംബാംഗങ്ങള്‍ ജയിലിലുമായി. വിചാരണ തുടങ്ങിയ കേസില്‍ സാക്ഷി പറയാന്‍ നിചേതാര്‍ കൗറും മകനും ഇന്ന് ഹാജരാകേണ്ടതായിരുന്നു. ഇത് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.സാക്ഷി പറയാന്‍ കോടതിയിലെത്തുന്ന ഇവര്‍ക്ക് നേരെ മുമ്പും ഭീഷണികളുണ്ടായിരുന്നു.