തലപ്പാവിനെ കളിയാക്കിയ ബ്രിട്ടീഷുകാരനോട് റൂബന്‍ സിങ് പകരം വീട്ടിയത് ഇങ്ങനെ;എന്നാലും എന്റെ സിങ്ങേ ഇതിത്തിരി കൂടിപ്പോയില്ലേയെന്ന് സോഷ്യല്‍ മീഡിയ

സിഖ് വംശജര്‍ക്ക് അവരുടെ അലങ്കാരം മാത്രമല്ല തലപ്പാവ്.അഭിമാനം കൂടിയാണ്.പുണ്യപവിത്രമായി കാണുന്ന തലപ്പാവ് അവരുടെ അഭിമാനത്തെയും, സ്വയം ബഹുമാനത്തെയും ഭക്തിയേയും ആത്മീയതയെയും മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നു. സിഖുകാര്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പ്രതീകമായി കാണുന്ന തലപ്പാവിനെ ആരെങ്കിലും അവഹേളിക്കുന്നത് ഒരു തരത്തിലും സഹിക്കില്ല.ഇത്തരത്തില്‍ തന്റെ തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് കളിയാക്കിയ ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്തമായി വെല്ലുവിളിച്ചിരിക്കുകയാണ് വ്യവസായി റൂബന്‍ സിങ്.

ആഴ്ചയില്‍ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ നിറത്തിന് ചേര്‍ന്ന റോള്‍സ് റോയ്‌സ് കാറുകളിലെത്തിയാണ് തന്നെ കളിയാക്കിയ ബ്രിട്ടീഷുകാരനെ റൂബന്‍ സിങ് ‘ടര്‍ബന്‍’ ചലഞ്ചിന് ക്ഷണിച്ചത്. ബ്രിട്ടിഷ് ബില്‍ഗേറ്റ്‌സെന്ന് സ്വയം വിശേഷിപ്പിക്കുന്ന റൂബന്‍ സിങ് തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചലഞ്ചിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്.

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് കാറുകളാണ് തന്റെ തലപ്പാവിന്റെ നിറത്തിലാക്കി മാറ്റിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റൂബന്‍ സിങ് ടര്‍ബന്‍ ചലഞ്ച് നടത്തിയത്. റോള്‍സ് റോയ്‌സ് ഫാന്റം ഡോണ്‍, റെയ്ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും റൂബന്‍ അണിനിരത്തി. ഏഴു ദിവസും തലപ്പാവിന്റെ നിറത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള റോള്‍സ് റോയ്‌സ് കാറില്‍ എത്തുക എന്നതായിരുന്നു ചലഞ്ച്. ഡിസംബര്‍ 24 ന് തുടങ്ങിയ ചലഞ്ച് 30 തിയതി അവസാനിച്ചു.

ബ്രിട്ടനിലെ ഏറ്റവും വലിയ സിങ് കോടീശ്വരന്മാരില്‍ ഒരാളായ റൂബന്‍ സിങ്. ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ തുടങ്ങി വ്യവസായ സംരംഭങ്ങളുടെ തലവനാണ് റൂബന്‍ സിങ്. റോള്‍സ് റോയ്‌സും ഫെരാരിയും ലംബോര്‍ഗിനിയുമടക്കം നിരവധി സൂപ്പര്‍കാറുകള്‍ റൂബന് സ്വന്തമായുണ്ട്. ടര്‍ബന്‍ ചലഞ്ച് ഹിറ്റായതോടെ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍താരമായിരിക്കുന്നു റൂബന്‍ സിങ്.