കോണ്‍ഗ്രസ്-സിപിഎം സഖ്യം:കാരാട്ട് ചേരിക്കെതിരെ ആഞ്ഞടിച്ച് സോമനാഥ് ചാറ്റര്‍ജി;കാരാട്ട് ലോബിയുടെ നിയന്ത്രണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി:കോണ്‍ഗ്രസ്-സി.പി.എം സഖ്യത്തെ എതിര്‍ക്കുന്ന കാരാട്ട് ചേരിക്കെതിരെ ആഞ്ഞടിച്ച് മുന്‍ സി.പി.എം നേതാവ് സോമനാഥ് ചാറ്റര്‍ജി.ഓരോ ദിനം കഴിയുന്തോറും ഇടതു പാര്‍ട്ടികളുടെ ശക്തി ക്ഷയിച്ചു വരികയാണെന്നും അതിനാല്‍ ഇടതു പക്ഷത്തിനു മേലുള്ള കാരാട്ട് ലോബിയുടെ നിയന്ത്രണം പാര്‍ട്ടിക്ക് നല്ലതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ്സ് സഹകരണം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് സി.പി.എം കേന്ദ്ര കമ്മറ്റി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സ് സഹകരണ പ്രമേയം തള്ളിയതിന് കാരാട്ട് പക്ഷത്തിനെതിരെ ബംഗാള്‍ ഘടകം കടുത്ത അമര്‍ഷം പ്രകടിപ്പിക്കുന്നതിനിടെയാണ് ബംഗാളില്‍ നിന്നുള്ള മുന്‍ സി.പി.എം അംഗവും ലോക്സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജി കാരാട്ട് പക്ഷത്തിനെതിരെ പരസ്യമായ പ്രസ്താവന നടത്തിയിരിക്കുന്നത്.
‘ ബംഗാളില്‍ ഇടതു പാര്‍ട്ടികള്‍ അവഗണിക്കപ്പെടുകയാണ്.ഇത് മനസിലാക്കിയാണ് സീതാറാം യെച്ചൂരി കോണ്‍ഗ്രസ്സ് സഹകരണം ആവശ്യപ്പെട്ടുകൊണ്ട് കരടു രാഷ്ട്രീയ പ്രമേയം കൊണ്ടു വന്നത്.എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ല. കാരാട്ട് ലോബിയുടെ നിയന്ത്രണം മൂലമാണ് ഇത് സംഭവിച്ചത്.ഇടതുപക്ഷത്തിന്റെ ഭാവിക്കു ഈ എതിര്‍പ്പ് ഗുണം ചെയ്യില്ല’, സോമനാഥ് ചാറ്റര്‍ജി അഭിപ്രായപ്പെട്ടു.
വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു പക്ഷ പാര്‍ട്ടികള്‍ പോരാടേണ്ടത്. ഇന്ത്യയില്‍ ഒരു ഇടതു പക്ഷ മുന്നേറ്റമുണ്ടാവേണ്ടതുണ്ടെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.
ഇതിനുപുറമെ കോടിയേരിയുടെ മകനെതിരേയുള്ള പരാതി പുറത്തുവന്നതിന്റെ പേരില്‍ സി.പി.എമ്മിനുള്ളില്‍ ചേരിതിരിവു രൂക്ഷമായി. വോട്ടെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പരാജയപ്പെട്ടതിനു പിന്നില്‍ കേരള ഘടകത്തിന്റെ ശക്തമായ നീക്കങ്ങളുമുണ്ടായി. ഈ ഭിന്നതയാവാം കേന്ദ്രനേതൃത്വത്തിനു ലഭിച്ച പരാതി പുറത്തുവന്നതിനു പിന്നിലെന്നാണ് സംശയംa