കളിക്കുന്നതിനിടെ ഹൃദയത്തിലൂടെ കമ്പി തുളച്ചു കയറി; എന്നിട്ടും ആ പതിനൊന്നുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

റിയോഡി ജനീറോ: ഇറച്ചി ഗ്രില്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പി 11 കാരന്റെ ഹൃദയം തുളച്ച് പുറത്തുവന്നു.എങ്കിലും കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.ബ്രസീലിലെ ടോറിറ്റാമയിലാണ് അപകടമുണ്ടായിട്ടും ഭാഗ്യം കൊണ്ട് മാത്രം കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ട സംഭവമുണ്ടായത്. മാരിവാല്‍ഡോ ജോസ് ഡ സില്‍വ എന്ന 11 കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

ജനുവരി 18 നായിരുന്നു സംഭവം. വീടിന് പുറത്ത് ഒരു ഏണിയില്‍ കയറി കളിക്കുകയായിരുന്നു കുട്ടി. എന്നാല്‍ കാല്‍വഴുതി സമീപത്തുണ്ടായിരുന്ന വീപ്പയിലേക്കാണ് ഇവന്‍ പതിച്ചത്. എന്നാല്‍ വീപ്പ നിറെയ ഇറച്ചി പൊരിയ്ക്കുന്ന കമ്പികളായിരുന്നു.മൂര്‍ച്ചയേറിയ ഒരെണ്ണം കുട്ടിയുടെ പുറത്ത് കുത്തിക്കയറി ഹൃദയത്തിലൂടെ കടന്ന് നെഞ്ച് മുഴുവനായും തുളച്ച് പുറത്തെത്തുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ എത്തിക്കുമ്പോള്‍ നെഞ്ച് തുളച്ച് പുറത്തുവന്ന കമ്പി അനങ്ങുന്നുണ്ടായിരുന്നു.മിടിപ്പിനൊപ്പം കമ്പി ഇളകുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഹൃദയം തുളച്ചാണ് അത് പുറത്തെത്തിയതെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി.തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നീണ്ട വിദഗ്ധ ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് കമ്പി തുളച്ചുകയറിയുണ്ടായ മുറിവുകള്‍ കൃത്യമായി ചേര്‍ത്തു.

ഡോ. ആന്‍ഡ്രിയ റോളിമിന്റെ നേതൃത്വത്തിലായിരുന്നു അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ. കമ്പി വലിച്ചൂരാന്‍ ആരും ശ്രമിക്കാതിരുന്നതാണ് കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടാന്‍ അനുഗ്രഹമായതെന്ന് ഡോക്ടര്‍ പറഞ്ഞു.