തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ ലംഘനം;ഈ റിപ്പബ്ലിക്ക് ദിനത്തില്‍ പാക് സൈനികര്‍ക്ക് മധുരം നല്‍കില്ലെന്ന് ബിഎസ്എഫ്

ചണ്ഡീഗഢ്: തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ തുടര്‍ന്ന് പാകിസ്താന്‍ അതിര്‍ത്തി രക്ഷാ സൈനികര്‍ക്ക് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇക്കുറി ആശംസയും മധുരവും കൈമാറില്ലെന്ന് ബി എസ് എഫ്.

വര്‍ഷങ്ങളായി ഈദ്, ദീപാവലി, ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനങ്ങള്‍, ഇന്ത്യയുടെ റിപ്പബ്ലിക് ദിനം തുടങ്ങിയ അവസരങ്ങളില്‍ ഇന്ത്യയിലെയും പാകിസ്താനിലെയും അതിര്‍ത്തി രക്ഷാ സൈനികര്‍ പരസ്പരം ആശംസകളും മധുരവും കൈമാറുന്ന പതിവ് ഉണ്ടായിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ മൂലം നിരവധി സൈനികര്‍ വീര മൃത്യു വരിച്ചതിനെത്തുടര്‍ന്നാണ് ഇത്തവണ ആശംസയും,മധുരവും കൈമാറേണ്ടയെന്ന് ബി എസ് എഫ് തീരുമാനിച്ചത്. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ സൈനികര്‍ക്കു പുറമെ സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

ഇക്കാര്യം പാക് അധികൃതരെ വ്യാഴാഴ്ച അറിയിച്ചിരുന്നതായി ബി എസ് എഫ് വൃത്തങ്ങള്‍ അറിയിച്ചു. 4-5 വര്‍ഷത്തിനിടെ ഇതിനു മുമ്പും ചില അവസരങ്ങളില്‍ പാകിസ്താന്റെ അതിര്‍ത്തി രക്ഷാ സൈനികരുമായി മധുരം കൈമാറുന്നതിന് ബി എസ് എഫ് വിസമ്മതിച്ചിരുന്നു.