ഫാ. അലക്സാണ്ടര്‍ കുര്യന് ഫെഡറല്‍ റിയല്‍ പ്രോപ്പര്‍ട്ടി കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍
പി.പി. ചെറിയാന്
വാഷിങ്ടന്‍ ഡിസി: ഫെഡറല്‍ റിയല്‍ പ്രോപര്‍ട്ടി കൗണ്‍സില്‍ എക്സിക്യൂട്ടിവ് ഡയറക്ടറായി റവ. ഫാ. അലക്സാണ്ടര്‍ കുര്യന് നിയമിതനായി. ഓഫിസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് യുണൈറ്റഡ് പ്രസിഡന്റ്സ് ഓഫിസ് ജനുവരി 16ന് നിയമനോത്തരവ് പുറത്തു വിട്ടു.
ട്രംപ് ഭരണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ അവസരം ലഭിച്ച ആദ്യ മലയാളി വൈദികന് കൂടിയാണു ഫാദര്‍. ആത്മീയ രംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തും ഒരേപോലെ വൈദഗ്ധ്യം തെളിയിച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ നിയമനം.
ഫെഡറല്‍ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതോ ലീസ് ചെയ്തതോ ആയ വസ്തുവകകള്‍ വിദഗ്ധമായി കൈകാര്യം ചെയ്യാനും കാലാനുസൃത നയരൂപീകരണത്തിനുള്ള ഉത്തരവാദിത്തമാണു എഫ്ആര്‍പിസിയില്‍ നിക്ഷിപ്തമായിട്ടുള്ളത്. രണ്ടര ട്രില്യണ്‍ ഡോളറിന്റെ അസ്ഥിയാണ് ആഗോളാടിസ്ഥാനത്തില്‍ ഈ കമ്മിറ്റിയുടെ പരിധിയില്‍ വരുന്നത്.
ജോര്‍ജ് ബുഷ്, ബറാക്ക് ഒബാമ തുടങ്ങിയ പ്രസിഡന്റുമാരുടെ വിശ്വാസ്യത നേടിയെടുത്തിട്ടുള്ള ഫാദര്‍ അമേരിക്കന്‍ സ്ട്രാറ്റജിക്ക് പ്ളാനിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുന്ന 32 വര്‍ഷത്തെ ഫെഡറല്‍ എക്സിക്യൂട്ടീവ് എന്ന പരിചയം കൂടി കണക്കിലെടുത്താണു പുതിയ തസ്തികയില്‍ നിയമനം ലഭിച്ചത്.പള്ളിപ്പാട്ട് കടക്കല്‍ കോശി കുര്യന്റെയും പെണ്ണമ്മ കുര്യന്റെയും ആറുമക്കളില്‍ ഇളയവനാണ് അലക്സാണ്ടര്‍.
കേരളത്തില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് അമേരിക്കയില്‍ എത്തിയത്. ഫിലോസഫി,ഡിവിനിറ്റി ബിസിനസ് അഡ്മിനിസ്ട്രേഷന് തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്കയിലെ പ്രമുഖ കലാലയങ്ങളില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ അച്ചന് 1987ലാണ് കോട്ടയം ദേവലോകം ചാപ്പലില്‍ കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമ്മ മാത്യുസ് രണ്ടാമനില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചത്.
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സീനിയര്‍ വൈദികനായ അച്ചന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ വികാരിയായിരുന്നു.ഭാര്യ: അന്ന( അജിത). മക്കള്‍: അലീസ, നടാഷ, എലൈജ എന്നിവരോടൊപ്പം വാഷിങ്ടനില്‍ താമസിക്കുന്നത്.