മകനെ കൊന്നത് താന്‍ ഒറ്റയ്ക്ക് ; മൃതദേഹം ചുട്ടുകരിച്ചശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളാനായിരുന്നു ശ്രമം : ജയമോള്‍
കൊല്ലം : കൊല്ലത്തെ പതിനാലുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ താന്‍ കൊലനടത്തിയത് ഒറ്റയ്ക്കാണെന്ന മൊഴിയില്‍ ഉറച്ച് അമ്മ ജയമോള്‍. കമ്മിഷണര്‍ എ.ശ്രീനിവാസ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലും ജയമോള്‍ മൊഴി ആവര്‍ത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുവരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി വീടിനു പുറകിലിട്ട് ചുട്ടുകരിച്ചശേഷം മൃതദേഹം വലിച്ചിഴച്ച് ആളൊഴിഞ്ഞ പുരയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ തള്ളാനായിരുന്നു ശ്രമം. എന്നാല്‍ ഒറ്റയ്ക്കായതിനാല്‍ ഇത് വിജയിച്ചില്ലെന്നും ജയമോള്‍ പോലീസിനോട് പറഞ്ഞു. ഷാള്‍ കഴുത്തില്‍ മുറുക്കി മകനെ കൊലപ്പെടുത്തിയശേഷം വീടിനു പിറകിലെ മതിലിനോടുചേര്‍ത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. മൃതശരീരം പൂര്‍ണമായും കത്താത്തതിനാല്‍ വെള്ളമൊഴിച്ച് തീ കെടുത്തി. പകുതി കത്തിക്കരിഞ്ഞ ശരീരം അടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയില്‍ തള്ളി. സമീപത്തെ സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു ലക്ഷ്യം. വീട്ടില്‍നിന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ടാങ്ക് തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
മൃതശരീരം അവിടെ ഉപേക്ഷിച്ചശേഷം വീട്ടിലേക്ക് മടങ്ങി. രാത്രി എട്ടരയോടെ മടങ്ങിയെത്തിയ ഭര്‍ത്താവിനോട് കടയിലേക്കു പോയ മകന്‍ മടങ്ങിയെത്തിയില്ലെന്ന് പറഞ്ഞു. പിന്നെ തിരച്ചില്‍ ആരംഭിച്ചു. പുലര്‍ച്ചെ ആറുമണിയോടെ ഇവര്‍ മകന്റെ മൃതദേഹം കിടക്കുന്നിടത്തു വന്ന് പരിശോധിച്ചു. മകനെ കത്തിച്ച സ്ഥലത്ത് പാതിവെന്ത ശരീരത്തില്‍നിന്ന് അടര്‍ന്നുവീണ ശരീരഭാഗങ്ങള്‍ രാവിലെ തീയിട്ടു കത്തിച്ചുവെന്നും ജയമോള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുത്തച്ഛന്റെ വീട്ടില്‍ പോയിവന്ന മകന്‍ ജിത്തുവുമായി അടുക്കളയില്‍വച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ജയമോളുടെ മൊഴി.