എഡിജിപി സന്ധ്യ തെറിച്ചത് പി.സി.ജോര്‍ജിന്റെ പരാതിയില്‍
ബി. സന്ധ്യയെ ദക്ഷിണ മേഖല ADGP സ്ഥാനത്തുനിന്ന് പോലീസ് ട്രെയിനിങ് കോളേജില്‍ അഡീഷണല്‍ ഡിറക്ടറായി മാറ്റി നിയമിച്ചത് പി.സി.ജോര്‍ജ് മുഖ്യമന്ത്രിക്കു നല്‍കിയ രണ്ടു പരാതികളുടെയടിസ്ഥാനത്തില്‍ നടന്ന സമഗ്രമായ വകുപ്പുതല അന്വോഷണത്തെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.
അടുപ്പക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് കേസുകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ മുഖ്യമന്ത്രിക്ക് രണ്ടു തവണ പരാതി നല്‍കിയെന്നും ഇത് മുഖവിലക്കെടുത്ത് വകുപ്പതല അന്വേഷണം നടത്തിയ ശേഷമാണ് ബി.സന്ധ്യയെ ദക്ഷിണ മേഘല ADGP സ്ഥാനത്ത് നിന്നും നീക്കിയതെന്നുമാണ് പുറത്ത് വരുന്ന വിവരം.
ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി ട്രെയിനില്‍ നിന്നും താഴെ വീണു മരിച്ച കേസില്‍ നടന്ന ദുരൂഹമായ ഇടപെടലുകളും,പോലീസ് ഉന്നതക്ക് പങ്കാളിത്തമുള്ള ഭൂമി കയ്യേറ്റത്തിനെതിരെ സമരം നയിച്ച ഒരു സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രസ്തുത സാക്ഷികള്‍ക്കുള്ള പങ്കാളിത്തവും,കൊച്ചിയില്‍ ഒരു സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തെ സിനിമാ മേഖലയിലുള്ള സുഹൃത്തുക്കള്‍ക്കായി വളച്ചൊടിച്ച് ഒരു സിനിമാ നടനെ കുടുക്കാന്‍ നടത്തിയ ശ്രമങ്ങളുമടക്കം അക്കമിട്ടു നിരത്തിയാണ് എഡിജിപിക്കെതിരെ പി.സി.ജോര്‍ജ് രണ്ടു പ്രാവശ്യം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്.സന്ധ്യക്കെതിരായ പരാതികള്‍ പ്രത്യേക അന്വോഷണസംഘത്തെ നിയോഗിച്ച് അന്വോഷിക്കണമെന്നും പി.സി.ജോര്‍ജ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സന്ധ്യക്കെതിരായുള്ള ആരോപണങ്ങളില്‍ ആവശ്യമെങ്കില്‍ തെളിവുകള്‍ കൈമാറാന്‍ സന്നദ്ധനാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു.ഇതേതുടര്‍ന്ന് സമഗ്രമായ വകുപ്പുതല അന്വോഷണം നടന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.സിനിമാ നടന്‍ ദിലീപിനെതിരായി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ദിവസത്തിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ നടനോട് വ്യക്തിപരമായ പകയുണ്ടെന്ന് ആക്ഷേപമുള്ള ഒരു സിനിമാ നടിയുടെ സാന്നിദ്ധ്യം ബി.സന്ധ്യയുടെ താമസ സ്ഥലത്തുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ചോര്‍ന്നതിനു പിന്നിലും പോലീസ്_സിനിമ മേഖലയിലുള്ള ചിലരാണെന്ന ആരോപണവും ശക്തമായിരുന്നു.മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ എഡിജിപി സന്ധ്യക്കെതിരെ ഉന്നയിച്ചതും പി.സി.ജോര്‍ജിന്റെ പരാതിയില്‍പ്പറയുന്ന അതെ കാര്യങ്ങളായിരുന്നു.
തുടര്‍ന്ന് വകുപ്പ്തല അന്വേഷണത്തിനു നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി, അന്വോഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടിക്ക് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് ബി.സന്ധ്യയെ ദക്ഷിണമേഖലാ adgp സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്താണ് കേസന്വേഷണങ്ങളില്‍ ബി.സന്ധ്യ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പി.സി.ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.ഇപ്പോള്‍ നടന്നു വരുന്ന ബഡ്ജറ്റ് സമ്മേളനം ആരംഭിച്ച ദിവസത്തിനു തൊട്ടു മുന്‍പ് എഡിജിപി സന്ധ്യ പദവിയില്‍ നിന്നും തെറിച്ചത് എന്നതും ശ്രദ്ധേയമാണ്.