ദക്ഷിണകൊറിയയില്‍ ആശുപത്രിക്ക് തീപിടിച്ച് 31 മരണം;നിരവധിപേര്‍ക്ക് പരിക്ക്;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

സോള്‍: ദക്ഷിണകൊറിയന്‍ നഗരമായ മിരിയാങ്ങിലെ ആശുപത്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 33 പേര്‍ മരിച്ചു. അഗ്‌നിബാധയില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. ഹൃദ്രോഗ ചികിത്സയ്ക്ക് പേരുകേട്ട സീജോങ് ആശുപത്രിയിലാണ് വന്‍തീപിടിത്തമുണ്ടായത്.ആശുപത്രിയിലെ എമര്‍ജന്‍സി മുറിയിലുണ്ടായ തീ പെട്ടെന്ന് കത്തിപടര്‍ന്നതെന്നാണ് പ്രാഥമിക വിവരം.രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 7-30നാണ് സംഭവം. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് മിരിയാങ്. തീ വ്യാപിക്കുന്ന സമയത്ത് ഏതാണ്ട് ഇരുനൂറോളം രോഗികളും ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നു. ഇവരില്‍ ഏറെപ്പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.