മഹാരാഷ്ട്രയിലെ കോലാപൂരില്‍ മിനി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്കു മറിഞ്ഞു; 13 മരണം

മുംബൈ:മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിയന്ത്രണം വിട്ട മിനി ബസ് പുഴയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്.

മുംബൈയ്ക്കു 300 കിലോമീറ്റര്‍ അകലെ കോലാപൂരിലെ പഞ്ചഗംഗ നദിയിലേക്കാണ് ബസ് മറിഞ്ഞത്. രത്‌നഗിരിയില്‍ നിന്ന് കോലാപൂരിലേക്കു വരികയായിരുന്നു ബസ് നിയന്ത്രണം വിട്ട് നദിയിലേക്കു പതിക്കുകയായിരുന്നു.16 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

11 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയുമാണ് മരിച്ചത്.തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെയോടെ ഒരു കുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെത്തി.അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.