മൂന്നാം ടെസ്റ്റ്:മത്സരം തുടങ്ങാന്‍ വൈകുന്നു;ഇന്ത്യക്ക് തിരിച്ചടി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായിറങ്ങിയ ഇന്ത്യക്ക് തിരിച്ചടി.മത്സരം നടക്കുന്ന ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡ് നനഞ്ഞ് കിടക്കുന്നതിനാല്‍ ഇതുവരെ മത്സരം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.

അല്‍പ്പസമയത്തിന് ശേഷം അംപയര്‍മാര്‍ പിച്ച് പരിശോധിക്കും. അതിന് ശേഷം മാത്രമേ, കളി എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവൂ.

നേരത്തെ പിച്ചില്‍ അപകടകരകമായി പന്ത് ബൗണ്‍സ് ചെയ്യുന്നതിനാല്‍ കളി നേരത്തെ നിര്‍ത്തി വെച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗറിന് ബുംറയുടെ പന്ത് ഹെല്‍മെറ്റില്‍ കൊണ്ട് പരുക്കേറ്റതിനെത്തുടര്‍ന്നാണ് കളി നിര്‍ത്തിവെച്ചത്.

ഇന്ത്യയ്‌ക്കെതിരെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 17-1 എന്ന നിലയിലാണ്.11 റണ്‍സെടുത്ത ഡീന്‍ എല്‍ഗറും 2 റണ്‍സെടുത്ത ഹാഷിം അംലയുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്രീസില്‍ . നാലു റണ്‍സെടുത്ത ഐഡന്‍ മര്‍ക്രത്തെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്

മത്സരം വിജയിച്ച് പരമ്പരയില്‍ നാണക്കേട് ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് മത്സരം ഉപേക്ഷിച്ചാല്‍ കനത്ത തിരിച്ചടായാകും.അതേസമയം മത്സരം തുടങ്ങാനായാല്‍ ഇന്ത്യക്ക് അനുകൂലമായ സാഹചര്യമാവും ഉണ്ടാവുക.ഇത് മുതലെടുത്താല്‍ ഇന്ത്യക്ക് മത്സരം ജയിക്കാനാകും.എന്നാല്‍ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ദക്ഷിണാഫ്രിക്ക നേരത്തെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.