റിപ്പബ്ലിക് ദിനത്തിലെ പരേഡിനിടെ കശ്മീരില്‍ 18കാരി പിടിയില്‍; ഐഎസ് ചാവേറെന്ന് സംശയം

ശ്രീനഗര്‍:കാശ്മീരില്‍ നിന്നും തീവ്രവാദിയെന്ന് സംശയിച്ച് പിടികൂടിയ പൂണെ സ്വദേശിയായ പെണ്‍കുട്ടി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചാവേറാകാനായി എത്തിയതാകാമെന്ന് പോലീസ്. തെക്കന്‍ കശ്മീരില്‍ നിന്ന് റിപ്പബ്ലിക്ക് ദിന തലേന്നാണ് പതിനൊന്നാം ക്ലാസുകാരിയായ പെണ്‍ക്കുട്ടിയെ തീവ്രവാദിയെന്ന് സംശയത്തെത്തുടര്‍ന്ന് പോലീസ് പിടികൂടിയത്.

നേരത്തെ രഹസ്യ വിവരമുണ്ടായിരുന്നെങ്കിലും റിപ്പബ്ലിക് ദിന തലേന്നാണ് കശ്മീരിലെ പരേഡ് വേദിക്കരികില്‍ നിന്ന് പതിനെട്ടുകാരിയെ പിടികൂടിയതെന്ന് കശ്മീര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുനീര്‍ ഖാന്‍ പറഞ്ഞു.

അതേ സമയം പിടിയിലായ പെണ്‍ക്കുട്ടി ചാവേറാണോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും.അതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.

പുണെയിലെ ഫാര്‍മസി വിദ്യാര്‍ത്ഥിയാണ് കഴിഞ് ജെ ദിവസം കാശ്മീരില്‍ നിന്നും പിടിയിലായത്. അടുത്തിടെ ഒരു കോള്‍സെന്ററില്‍ ജോലി ചെയ്തിരുന്ന അവര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുണെ വിട്ടത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡില്‍ നിന്ന് ഇവരുടെ കുടുംബത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

2015 മുതല്‍ പെണ്‍കുട്ടിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്ക് തീവ്രവാദസ്വഭാവമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍ തന്റെ മകള്‍ക്കെതിരെ അനാവശ്യ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ആരോപിച്ച് ഇവരുടെ അമ്മ രംഗത്തെത്തിയിട്ടുണ്ട്.