ബ്ലാസ്‌റ്റേഴ്‌സിന് ഉജ്വല വിജയം ; നില മെച്ചപ്പെടുത്തി

കൊച്ചി : ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിന് എതിരെ ബ്ലാസ്‌റ്റേഴ്‌സിന് ഉജ്വല വിജയം. രണ്ട് – ഒന്നിനാണ് ബ്ലാസ്‌റ്റേഴ്‌സ് ഡൈനാമോസിനെ തകര്‍ത്തത്. ഇതോടെ നില മെച്ചപ്പെടുത്തിയ ടീം അഞ്ചാം സ്ഥാനത്തെത്തി. 12 കളികളില്‍നിന്ന് 14 പോയിന്റുമായി ലീഗില്‍ ഏഴാം സ്ഥാനത്തായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഡല്‍ഹി ഡൈനാമോസിനെതിരെ വിജയം അനിവാര്യമായിരുന്നു. ഡല്‍ഹി ഡൈനമോസാണ് കളിയിലെ ആദ്യഗോള്‍ നേടിയത്. മലയാളി താരം കെ പ്രശാന്തിന്റെ വീഴ്ചയാണ് ആദ്യ ഗോളിന് വഴിവച്ചത്.

പെനാല്‍റ്റി കിക്കിലൂടെ ആയിരുന്നു ആദ്യഗോള്‍. എന്നാല്‍ രണ്ടാം പകുതി തുടങ്ങി രണ്ട് മിനിട്ടിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യഗോള്‍ നേടി മത്സരത്തിലേയ്ക്ക് തിരിച്ചു വന്നു. ദീപേന്ദ്ര നേഗി തഴുകിവിട്ട പന്ത് കാലു ഉച്ചെയുടെ തലയില്‍തട്ടി വലയിലായി. സെല്‍ഫ് ഗോളാണോയെന്ന് സംശയമുണ്ടായെങ്കിലും ഗോള്‍ നേഗിയുടെ അക്കൗണ്ടില്‍തന്നെ ചേര്‍ക്കപ്പെട്ടു. രണ്ടാമത്തെ ഗോള്‍ പെനാല്‍റ്റി കിക്കെടുത്ത സൂപ്പര്‍താരം ഇയാന്‍ ഹ്യൂം വലയിലാക്കിയതോടെ മത്സരം ബ്ലാസ്റ്റേഴ്‌സിന്റെതാക്കി മാറ്റുകയായിരുന്നു.