കേരള പോലീസിന്റെ ലാത്തിചാര്‍ജ്ജില്‍ പുതിയ പരിഷ്‌കാരം വരുന്നു;കളരിയും കരാട്ടെയും പരിശീലന ഭാഗം; സമരക്കാര്‍ സൂക്ഷിച്ചോ ഇനി അടിച്ചു പരത്തും ഈ പോലീസ്

തിരുവനന്തപുരം:കേരള പോലീസിന്റെ ലാത്തിചാര്‍ജ് രീതിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തുന്നു. ഇതുവരെ ശീലിച്ചുപോന്ന,ബ്രിട്ടീഷുകാര്‍ പഠിപ്പിച്ച ലാത്തിച്ചാര്‍ജ്ജിന്റെ രീതിയിലാണ് മാറ്റം വരുത്തുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് സേനാംഗങ്ങള്‍ ഡി.ജി.പിക്ക് മുന്നില്‍ പ്രകടനം നടത്തി. ഉപ്പു സത്യാഗഹത്തിനറങ്ങിയവരെ നേരിടാന്‍ മദ്രാസ് പ്രസിഡന്‍സ് പോലീസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിപ്പിച്ച ഡ്രില്ലാണ് മാറ്റിപ്പിടിക്കുന്നത്.

വയറില്‍ കുത്തുക, എതിരാളികളുടെ കഴുത്തിനും തലക്കുമടിക്കുക എന്നൊക്കെയുള്ള പഴഞ്ചന്‍ രീതി മാറ്റി. ഹെല്‍മെറ്റും ഷീല്‍ഡുമൊക്കെ ഉപയോഗിച്ചാണ് പുതിയ തന്ത്രം.സമരങ്ങള്‍ അക്രമാസക്തമാകുമ്പോള്‍ മിക്കപ്പോഴും കൂടുതല്‍ പരിക്കേല്‍ക്കുക പോലീസിനാണ്.എന്നാല്‍ പ്രതിരോധക്കാര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേല്‍ക്കാതെ അവരെ വളഞ്ഞിട്ട് നേരിടുന്ന പുതിയ രീതി കൂടുതല്‍ പരിക്കേല്‍ക്കാതെ പോലീസിനെ സുരക്ഷിതമാക്കും.കളരിയും ചെനീസ് ആയോധന കലയുമൊക്കെ പരിശീലനത്തിന്റെ ഭാഗമായി അഭ്യസിച്ചിട്ടുണ്ട്.

യൂറോപ്യന്‍, കൊറിയന്‍ പൊലീസ് മാതൃകയില്‍ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സേതുരാമനാണ് പുതിയ പരീശീലന രീതി തയ്യാറാക്കിയത്. കാര്യങ്ങളൊക്കെ കൊള്ളാമെങ്കിലും പെട്രോള്‍ ബോംബും കല്ലുമൊക്കെ ചീറിപ്പാറി വരുമ്പോള്‍ പുതിയ പരിഷ്‌ക്കാരം താനങ്ങളെ പരിക്കേല്‍ക്കാതെ രക്ഷിക്കുമോ എന്ന ആശങ്കയും സേനക്കുള്ളിലുണ്ട്.