അക്രമികള്‍ റെയില്‍വേ ട്രാക്കുകള്‍ നശിപ്പിച്ചു ; പതിനായിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി
അസം : അക്രമികള്‍ റെയില്‍വേ ട്രാക്കുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. ഇതിനെതുടര്‍ന്ന്‍ വിവിധ സ്റ്റേഷനുകളിലായി 25,000 ല്‍ അധികം പേര്‍ കഴിഞ്ഞ 24 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുകയാണ്. പലയിടങ്ങളിലും റെയില്‍വെ ട്രാക്കുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ ഉടനെയൊന്നും ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാവില്ല എന്നാണു ലഭിക്കുന്ന വിവരം.
അസമിന്റെ തെക്കന്‍ പ്രദേശങ്ങള്‍ക്ക് പുറമെ മിസേറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെയും റെയില്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. ഇവിടങ്ങളിലേക്കുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട സ്ഥിതിയിലായെന്ന് വടക്കുകിഴക്കന്‍ റെയില്‍വെ അറിയിച്ചു. റെയില്‍വെയുടെ വസ്തുവകകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ട്രാക്കുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കി, സുരക്ഷ ഉറപ്പുവരുത്താതെ ട്രെയിന്‍ ഗതാഗതം സാധ്യമാകില്ലെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ കുടുങ്ങിക്കിടങ്ങുന്നവരെ റോഡ് മാര്‍ഗ്ഗം എത്തിക്കുവാനുള്ള ശ്രമം പുരോഗമിക്കുകയാണ്.ദിമാസ വിഭാഗക്കാരെ ഗ്രേറ്റര്‍ നാഗാലന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.