അച്ഛനെ കൊലപ്പെടുത്തിയ ശേഷം ദൃശ്യം മോഡല്‍ പരീക്ഷിച്ച മകന്‍ പോലീസിന്റെ പിടിയില്‍

പത്തനംതിട്ടയിലെ അടൂരിനടുത്താണ് കൊലപാതക രഹസ്യം ഒളിക്കാന്‍ സിനിമയെ കൂട്ടുപിടിച്ചയാള്‍ അകത്തായത്. പൊങ്ങലടി മാമ്മൂട് ഉടയാന്‍മുകളില്‍ പൊടിയന്‍ (70) മരിച്ച കേസിലാണ് ദുരൂഹതകള്‍ പുറത്തുവന്നത്. ആദ്യം സ്വാഭാവിക മരണമായി കരുതിയ സംഭവത്തില്‍ പിന്നീട് സംശയം ജനിക്കുകയായിരുന്നു. ഇതോടെയാണ് നേരത്തെ ചോദ്യം ചെയ്തവരെ പിന്നീട് വിശദമായി ചോദ്യം ചെയ്തത്. പൊടിയന്റെ മകന്‍ കുട്ടപ്പനാണ് കേസില്‍ അറസ്റ്റിലായത്. വിറക് കമ്പ് കൊണ്ടുള്ള അടിയേറ്റാണ് പൊടിയന്‍ മരിച്ചതെന്ന് പോലീസിന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പക്ഷേ, ഇതു ശരിവയ്ക്കുന്ന ഒന്നും ആദ്യത്തില്‍ ലഭിച്ചിരുന്നില്ല. പിന്നീടാണ് വീട്ടുകാരെ ചോദ്യം ചെയ്തത്. ഇതില്‍ കുട്ടികളുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ എല്ലാ രഹസ്യങ്ങളും ചുരുളഴിയുകയായിരുന്നു. സ്വത്ത് ഓഹരി വയ്ക്കുന്നതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് എത്തിയത്. വിറക് കമ്പ് കൊണ്ടു കുട്ടപ്പന്‍ പൊടിയനെ തലയ്ക്ക് അടിയിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഭാര്യയെയും മക്കളെയും കൂട്ടി മാതാവിന്റെ വീട്ടിലേക്ക് ഇയാള്‍ പോകുകയായിരുന്നു. കഴിഞ്ഞ 22ന് രാവിലെയാണ് പൊടിയനെ വീട്ടിനുള്ള മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ചെല്ലമ്മയുമായി പിണങ്ങി പൊടിയന്‍ മകന്‍ കുട്ടപ്പനും കുടുംബത്തിനുമൊപ്പമാണ് താമസം. കുട്ടപ്പന്റെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായത്. അടുത്ത ദിവസം രാവിലെ വീട്ടിലെത്തിയപ്പോള്‍ പൊടിയന്റെ മൃതദേഹമാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കാല്‍ വഴുതി വീണതാണെന്ന് കരുതുന്നുവെന്നുമാണ് കുട്ടപ്പന്‍ എല്ലാവരോടും പറഞ്ഞത്. ആദ്യം പോലീസും ഇതു വിശ്വസിക്കുകയായിരുന്നു. കുട്ടപ്പന്‍ പറഞ്ഞ കഥ തന്നെയാണ് ഭാര്യയും മക്കളും പറഞ്ഞത്. ഇങ്ങനെ തന്നെ എല്ലാവരോടും പറഞ്ഞാല്‍ മതിയെന്ന് കുട്ടപ്പന്‍ മക്കളെ പറഞ്ഞു പഠിപ്പിച്ചിരുന്നു. പക്ഷേ, ഇന്‍ക്വസ്റ്റ് നടത്തുമ്പോഴും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ചില സംശയങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് കുട്ടികളുമായി പോലീസ് അടുത്തിടപഴുകി സംസാരിച്ചു. ചോദ്യം ചെയ്യുകയാണെന്ന തോന്നലുണ്ടാക്കാതെയായിരുന്നു കാര്യങ്ങള്‍ തിരക്കിയത്. അപ്പോഴാണ് കുട്ടികള്‍ സംഭവം മാറ്റി പറഞ്ഞത്. ഇതോടെ സത്യം പുറത്തായി.