വളര്‍ത്തു മകളുടെ പട്ടിണി മരണം: മാതാവിന് മൂന്ന് ജീവപര്യന്തം തടവ്

പി.പി. ചെറിയാന്‍

ഐഓവ: പതിനാറ് വയസ്സുള്ള ദത്തു പുത്രിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കുറ്റത്തിന് മാതാവ് നിക്കോള്‍ പിന്നിനെ (43) മൂന്നു ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചു.

ഇന്ന് ജനുവരി (26) വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ജൂറി നിക്കോള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.

ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, തട്ടികൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2016 ല്‍ പതിനാറ് വയസ്സുള്ള നാറ്റ് ലി മരിക്കുമ്പോള്‍ തൂക്കം 85 പൗണ്ട് മാത്രമായിരുന്നു.

നാറ്റ് ലിയുടെ സഹോദരങ്ങളായ മിക്കയ് ല, ജേഡന്‍ എന്നിവരേയും മാതാപിതാക്കള്‍ പട്ടിണിക്കിട്ടിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ മറ്റു രണ്ടു പേര്‍ മാസങ്ങളോളം ആശുപത്രിയില്‍ ചിലവഴിച്ചതിനു ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. എന്നാല്‍ നാറ്റ് ലി ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു.

നിക്കോള്‍ പിന്നിന്റെ മുന്‍ ഭര്‍ത്താവ് ജോഫിനും ഈ കേസില്‍ പ്രതിയാണ്. ജോയുടെ കേസ് ഏപ്രിലില്‍ വിസ്താരം നടക്കും. ഒരു ബെഡ് പോലും ഇല്ലാത്ത മുറിയാണ് കുട്ടികളെ ആഹാരം നല്‍കാതെ അടച്ചിട്ടിരുന്നത്.

കുട്ടികളേക്കാള്‍ വളര്‍ത്ത് മൃഗങ്ങളെയാണ് നിക്കോള്‍ കൂടുതല്‍ കരുതിയിരുന്നതെന്ന് കേസ് വിസ്താരത്തിനിടെ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.