സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ആണേലും മുഖ്യന്‍റെ ടി വി ഷോയ്ക്ക് വേണ്ടി പൊടിക്കുന്നത് ലക്ഷങ്ങള്‍
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ കാശ് വെറുതെ കളയുക എന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം ഏര്‍പ്പാടായി മാറുന്നു എന്ന് വേണമെങ്കില്‍ പറയാം. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് എന്ന ഷോയിൽ മുഖ്യാതിഥിയെ കൊണ്ടുവരുന്നതിന് വേണ്ടി ലക്ഷങ്ങൾ പൊടിച്ചെന്നാണ് ഇപ്പോള്‍ ആരോപണമുയർന്നിരിക്കുന്നത്. നടിയും നര്‍ത്തകിയുമായ ആശാ ശരത്താണ് കേരളസര്‍ക്കാരിന്റെ ചിലവില്‍ ഗള്‍ഫില്‍ നിന്നും വന്നുപോയത്. രണ്ട് ദിവസത്തെ ഷൂട്ടിങിനായി ആശാ ശരത്തിന് അഞ്ചു ലക്ഷം രൂപയോളം ചെലവാക്കിയെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തയ്യാറാക്കിയ പ്രത്യേക സെറ്റിലാണ് പരിപാടിയുടെ ഷൂട്ടിങ് നടക്കാറുള്ളത്. നടി റിമ കല്ലിങ്കൽ, നടൻ ജോയ് മാത്യു തുടങ്ങിയവരും നേരത്തെ പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ അന്നത്തെ ഷൂട്ടിങിനൊന്നും ഇത്രയധികം പണം ചെലവഴിച്ചിരുന്നില്ല.
പ്രവാസികളുടെ പ്രശ്നങ്ങളിൽ സർക്കാരിന്റെ ഇടപെടൽ എന്ന വിഷയം ചർച്ച ചെയ്യുന്ന എപ്പിസോഡിലാണ് ആശാ ശരത്തിനെയും പങ്കെടുപ്പിച്ചത്. ദുബായിൽ സ്ഥിരതാമസക്കാരിയായ നടി തിരുവനന്തപുരത്തേക്ക് വരണം എങ്കില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് തന്നെ വേണം എന്ന് വാശി പിടിച്ചു . നടിയുടെ യാത്രചെലവ് മാത്രം ഒന്നേകാൽ ലക്ഷം രൂപ കവിഞ്ഞെന്നാണ് റിപ്പോർട്ട്. അവിടെ കൊണ്ടും തീര്‍ന്നില്ല താമസം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ തന്നെ വേണം എന്ന് ആദ്യമേ തന്നെ പറയുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം താജ് വിവാന്റയിൽ പ്രീമിയം സ്യൂട്ട് റൂമിൽ താമസം ഒരുക്കി. നേരത്തെ പങ്കെടുത്ത അതിഥികൾക്ക് മസ്ക്കറ്റ് ഹോട്ടലിലായിരുന്നു സർക്കാർ താമസസൗകര്യം ഒരുക്കിയിരുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെറ്റിലെത്തിയ നടി പ്രത്യേക മേക്കപ്പ് മാനെയും ആവശ്യപ്പെട്ടു. ഇതിനെതുടർന്ന് കൊച്ചിയിൽ നിന്ന് നടിക്ക് വേണ്ടി മാത്രമായി സ്പെഷ്യല്‍ മേക്കപ്പ് മാനെ എത്തിച്ചു. ഈയിനത്തിലെ കാർ വാടക മാത്രം പതിനായിരത്തിന് മുകളിലാണ്. കൂടാതെ മേക്കപ്പ് മാന്റെ താമസച്ചെലവും സർക്കാർ വഹിച്ചു.
സംസ്ഥാന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിൽ ഒരു നടിക്ക് വേണ്ടി ഇത്രയും തുക ചെലവഴിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് ഇത്രയും തുക ചെലവഴിച്ചതിൽ സിഡിറ്റിനും എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടി നാം മുന്നോട്ട് 2017 ഡിസംബർ 31 മുതലാണ് ആരംഭിച്ചത്. സിഡിറ്റ് നിർമ്മിക്കുന്ന പരിപാടിയിൽ ആറന്മുള എംഎൽഎ വീണാ ജോർജാണ് അവതാരക. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് പരിപാടിയിൽ ചർച്ച ചെയ്യുന്നത്. വിഷയവുമായി ബന്ധപ്പെട്ട വിദഗ്ദ സംഘവും അതിഥികളും ഓരോ എപ്പിസോഡിലും പങ്കെടുക്കും.