വ്യാജ വാര്‍ത്തയും, അത് പ്രചരിപ്പിക്കുന്നതും പൈശാചികമെന്നു മാര്‍പാപ്പ
പി.പി. ചെറിയാന്‍
വത്തിക്കാന്‍ സിറ്റി: വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതും, അത് പ്രചരിപ്പിക്കുന്നതും പൈശാചികമാണെന്നും ഇത്തരക്കാര്‍ ഗാര്‍ഡന്‍ ഓഫ് ഈഡനില്‍ പാമ്പിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഹവ്വായെ വഞ്ചിച്ച സാത്താനോട് സമരാണെന്നും മാര്‍പാപ്പ.
ജനുവരി 24 (ബുധന്‍) വത്തിക്കാനില്‍ നടത്തിയ പ്രസ്താവനയിലാണ് ഫ്രാന്‍സീസ് മാര്‍പാപ്പ രൂക്ഷമായ ഭാഷയില്‍ വ്യാജ വാര്‍ത്തകളെ വിമര്‍ശിച്ചത്. മാധ്യമ പ്രവര്‍ത്തനം വെറുമൊരു ജോലിയായിട്ടല്ല. ഉന്നത ദൗത്യമായി കാണണമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.
ചില മാധ്യമ പ്രവര്‍ത്തകരും, സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരും വാര്‍ത്ത വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ- സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വിഘാതമാണെന്നും, അതിവേഗത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി.
അക്ഷമയുടേയും, അസഹിഷ്ണുതയുടേയും അനന്തര ഫലമാണ് വ്യാജ വാര്‍ത്തയെന്നും, ഇതു സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2016-ല്‍ നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്ത എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് മാസങ്ങള്‍ നീണ്ടുനിന്ന പഠനത്തിനുശേഷം പുറത്തുവിട്ട രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാ മാധ്യമ പ്രവര്‍ത്തകരും പാമ്പിന്റെ രൂപത്തിലുള്ള സാത്താന്മാരല്ലെന്നും, എന്നാല്‍ ചിലരെങ്കിലും ഉണ്ടെന്ന മാര്‍പാപ്പയുടെ പ്രസ്താവന വിശദീകരിക്കുന്നതിനിടയില്‍ വത്തിക്കാന്‍ വക്താവ് ഗ്രേഗ് ബര്‍ക്കി ചൂണ്ടിക്കാട്ടി.
മാധ്യമ പ്രവര്‍ത്തനത്തിലെ ധാര്‍മ്മികത പുന:സ്ഥാപിക്കുന്നതിനും, വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ തയാറാകണമെന്നും മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. വ്യാജ വാര്‍ത്തയുടെ അപകടാവസ്ഥയെക്കുറിച്ച് പരസ്യമായി മുന്നറിയിപ്പ് നല്‍കുന്ന ആദ്യ മാര്‍പാപ്പയാണ് പോപ്പ് ഫ്രാന്‍സീസ്.