ഗോരക്ഷയുടെ പേരില്‍ ആക്രമണം ; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്
ഗോരക്ഷയുടെ പേരില്‍ അരങ്ങേറിയ ആക്രമണങ്ങള്‍ തടയാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‍ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. കോടതി അലക്ഷ്യത്തിനാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഗോരക്ഷാ പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമങ്ങള്‍ തടയണമെന്നും ക്രമസമാധാനം കാത്തു സൂക്ഷിക്കണമെന്നും 26 സംസ്ഥാനങ്ങളോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2015 ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയിലാണ് ഗോരക്ഷയുടെ പേരിലുള്ള ആദ്യ കൊല നടക്കുന്നത്. പശുവിനെ കൊന്നെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്ന മനുഷ്യനെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഗുജറാത്തില്‍ നാല് ദളിത് യുവാക്കള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കാലികടത്താരോപിച്ച് അല്‍വാറില്‍ 55കാരനും ഗോരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന്‍ തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടിയെടുത്തത്. നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും ഹൈവേ പട്രോളിങ് നടത്തണമെന്നും കോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സംസ്ഥാനങ്ങള്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിട്ടുള്ളത്.