തോമസ് ചാണ്ടി വിവാദം ; മുഖ്യമന്ത്രിക്ക് എതിരെ സിപിഐ
കൊല്ലത്ത് നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷവിമര്‍ശനം. ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രഹസ്യ അജണ്ട നടപ്പാക്കിയെന്ന കാര്യം പറഞ്ഞിരിക്കുന്നത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ അധികാര പ്രമത്തതയും അപ്രമാദിത്തവും ആണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടാകുന്നത്. കൂടാതെ വകുപ്പു മന്ത്രിമാര്‍ക്ക് മുകളിലൂടെ എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കൈകടത്തുന്നതായും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിട്ടുണ്ട്.
ഇത്തരം നടപടികളില്‍നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കു പുറമേ വൈദ്യുത വകുപ്പു മന്ത്രി എം എം മണി, ധനമന്ത്രി തോമസ് ഐസക്ക് എന്നിവര്‍ക്കു നേരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കൂടാതെ കൂട്ടുത്തരവാദിത്തമില്ലാത്ത മന്ത്രിസഭയാണ് ഇപ്പോഴത്തേത് എന്നും ഇത് പരിഹരിക്കാന്‍ കൂട്ടുത്തരവാദിത്തമുള്ള ഭരണത്തിന് മുഖ്യമന്ത്രി നേതൃത്വം നല്‍കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.