ക്യാന്‍സര്‍ തടയാം എന്ന പേരില്‍ തന്‍റെ ചിത്രം സഹിതം പ്രചരിക്കുന്ന വ്യാജസന്ദേശം സമൂഹത്തോട് ചെയ്യുന്ന ദ്രോഹം : ഡോ. ഗംഗാധരന്‍

കഴിഞ്ഞ കുറച്ചു ദിവസമായി ക്യാന്‍സര്‍ തടയാം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജമായ സന്ദേശങ്ങള്‍ ആണെന്ന് അര്‍ബുദ ചികിത്സാരംഗത്ത് പ്രശസ്തനായ ഡോക്ടര്‍ വി.പി. ഗംഗാധരന്‍. താന്‍ പറഞ്ഞു എന്ന നിലയില്‍ തന്‍റെ ചിത്രം സഹിതമാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. പഞ്ചസാര കഴിച്ചില്ലെങ്കില്‍ കാന്‍സര്‍ തനിയെ നശിക്കും, ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ പിഴിഞ്ഞ് വെറുംവയറ്റില്‍ കഴിക്കുന്നത് 1000 കീമോയേക്കാള്‍ ഗുണകരം, രാവിലെയും രാത്രിയും മൂന്ന് ടീസ്പൂണ്‍ വീതം ഓര്‍ഗാനിക് വെളിച്ചെണ്ണ കുടിക്കുന്നത് കാന്‍സറിനെ തുരത്തും…’ എന്നിങ്ങനെയാണ് സന്ദേശം പ്രചരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് ഈ ചിത്രസന്ദേശം ഷെയര്‍ ചെയ്തത്. ഇപ്പോഴും പല ഗ്രൂപ്പുകളിലും സന്ദേശം പ്രചരിച്ചുക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍, ഇത് വ്യാജമാണെന്നും താന്‍ ഒരിടത്തും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡോ.ഗംഗാധരന്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളുമായി എനിക്കൊരു ബന്ധമില്ലെന്ന് മാത്രമല്ല അതില്‍ പറയുന്ന കാര്യങ്ങളെല്ലാം ഒരുതരത്തിലും അടിസ്ഥാനമില്ലാത്തതുമാണ് എന്നും അദ്ധേഹം പറയുന്നു. വെറും സന്ദേശമായാല്‍ കിട്ടുന്നതിനേക്കാള്‍ വിശ്വാസ്യത ഡോക്ടറുടെ ചിത്രം വെച്ച് പ്രചരിപ്പിച്ചാല്‍ കിട്ടുമെന്നതുകൊണ്ടാകാം ഇത്തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യമെന്താണെന്ന് മാത്രമാണ് മനസിലാകാത്തത്. അതുപോലെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നതിലെ അപകടം രോഗികള്‍ക്കാണ്. ഈ സന്ദേശം പ്രചരിച്ചു തുടങ്ങിയ ശേഷം നിരവധി പേരാണ് എന്നെ വിളിക്കുന്നത്. മരുന്ന് നിര്‍ത്തി ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരികട്ടെ എന്ന് വിളിച്ചു കേട്ട ഒരാളുടെ മകന് മകന് ബ്രെയിന്‍ ട്യൂമറാണ്. രോഗിയുടെ ജീവന് തന്നെ ഭീഷണിയാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍.

സന്ദേശം പ്രചരിപ്പിക്കുന്നവര്‍ അവര്‍ പോലുമറിയാതെ വലിയ കുറ്റമാണ് ചെയ്യുന്നത്. സിനിമയെ കുറിച്ചോ മറ്റോ ഉള്ള ഒരു സന്ദേശം അയക്കുന്നത് പോലെയല്ല. അര്‍ബുദം പോലുള്ള രോഗങ്ങളെ കുറിച്ചുള്ള ഇത്തരം വ്യാജ സന്ദേശങ്ങള്‍ മറ്റുള്ളവരുടെ ജീവനെ പോലും ബാധിച്ചേക്കാമെന്ന് മനസ്സിലാക്കണം. രോഗികളും ബന്ധുക്കളും എന്ത് മാര്‍ഗവും സ്വീകരിക്കാന്‍ തയാറാകുന്നവരായിരിക്കും. അവര്‍ക്ക് മുന്നില്‍ വരുന്ന ഏത് കച്ചിത്തുരുമ്പിലും അവര്‍ കയറിപ്പിടിക്കും. അതിനരെ കുറ്റപ്പെടുത്താനാവില്ല. ഇത്തരം സന്ദേശങ്ങള്‍ അവരെ എളുപ്പത്തില്‍ സ്വാധീനിക്കും. അതാണ് അപകടകരം. പലരും വിളിച്ചു ചോദിക്കുന്നുണ്ടെങ്കിലും വിളിക്കാത്തവരാകും കൂടുതല്‍. ശരിയല്ലെന്നറിയാതെ ഈ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയവര്‍ പോലുമുണ്ടോ എന്നുപോലും നമുക്കറിയില്ല. അതുകൊണ്ടാണ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതുമെന്നും അദ്ധേഹം വ്യക്തമാക്കുന്നു.