ഇന്ത്യന്‍ പ്രവാസികളുടെ വിപുലമായ ഡേറ്റാബാങ്ക് തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിയ്ക്കുക: നവയുഗം
അല്‍ഖോബാര്‍: വിദേശത്തു താമസിയ്ക്കുന്ന എല്ലാ പ്രവാസി ഇന്ത്യക്കാരുടെയും വിവരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിപുലമായ ഡേറ്റാബാങ്ക് തയ്യാറാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്കാരികവേദി അല്‍ഖോബാര്‍ തുഗ്ബ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമായി 31 മില്യണ്‍ ഇന്ഡ്യാക്കാര് വിദേശത്തു താമസിയ്ക്കുന്നു എന്നും ഇതില്‍ 13 കോടി ജനങ്ങള്‍ പ്രവാസികളാണെന്നുമുള്ള ഏകദേശകണക്ക് മാത്രമാണ് ഇന്ത്യന്‍ വിദേശകാര്യവകുപ്പിന്റെ കൈവശമുള്ളത്. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ കണക്കില്‍ 16.6 കോടി ഇന്ത്യക്കാരാണ് പ്രവാസികളായി ഉള്ളത്. ഈ പൊരുത്തക്കേടുകളില്‍ നിന്നു തന്നെ, ഓരോ രാജ്യത്തും താമസിയ്ക്കുന്ന ഇന്ത്യക്കാരുടെ തരം തിരിച്ചുള്ള കൃത്യമായ കണക്ക് സര്‍ക്കാരിന്റെ കൈയ്യില്‍ ലഭ്യമല്ല എന്ന് വ്യക്തമാണ്. പ്രവാസികളെ ഉദ്ദേശിച്ചുള്ള സഹായപദ്ധതികളോ, വികസനപ്രോജെക്റ്റുകളോ, പുനരധിവാസപരിപാടികളോ, മറ്റും നടപ്പാക്കുന്നതിന് ഇത് തടസ്സം സൃഷ്ടിയ്ക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനകളുടെയും, ഇന്ത്യന്‍ സമൂഹത്തിന്റെയും സഹായത്തോടെ അതാത് എംബസ്സിയുടെ നേതൃത്വത്തില്‍ സമഗ്രമായ ഒരു പ്രവാസി ഡേറ്റ ബാങ്ക് നിര്‍മ്മിയ്ക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിയ്ക്കണമെന്ന് നവയുഗം തുഗ്ബ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കോബാര്‍ തുഗ്ബയില്‍ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ ഉത്ഘാടനം ചെയ്തു. കോബാര്‍ മേഖല സെക്രെട്ടറി അരുണ്‍ ചാത്തന്നൂര്‍ ഫെബ്രുവരി 2 ന് നടക്കുന്ന നവയുഗം സര്‍ഗ്ഗപ്രവാസം-2017 കലാസാംസ്കാരികപരിപാടി ക്യാമ്പയിനുകളെക്കുറിച്ചും, കേന്ദ്രകുടുംബവേദി കണ്‍വീനര്‍ ദാസന് രാഘവന് നോര്‍ക്ക, പ്രവാസി ക്ഷേമനിധി പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ബഷീര്‍ സ്വാഗതവും, ശ്യാംലാല്‍ നന്ദിയും പറഞ്ഞു.
പുതിയ യൂണിറ്റ് ഭാരവാഹികളായി ഷിബു അടൂര്‍ (രക്ഷാധികാരി), ശ്യാംദാസ് (പ്രസിഡന്റ്), ഗോപകുമാര്‍ (വൈസ് പ്രസിഡന്റ്), ബഷീര്‍ (സെക്രട്ടറി), വിഷ്ണു (ജോയിന്റ് സെക്രട്ടറി), വര്‍ഗ്ഗീസ് (ട്രഷറര്‍) എന്നിവരെ യൂണിറ്റ് സമ്മേളനം തെരെഞ്ഞെടുത്തു.