ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ ആശുപത്രിയിലെത്തിക്കാതെ നോക്കി നിന്ന് ആള്‍ക്കൂട്ടം;ഒടുവില്‍ ആശുപത്രിയിലെത്തിച്ചത് വീട്ടമ്മ
കൊച്ചി: ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ ആശുപത്രിയിലെത്തിക്കാതെ ആള്‍ക്കൂട്ടം കാഴ്ചക്കാരായി നിന്നു.വഴിയാത്രക്കാരിയായ വീട്ടമ്മ ഇടപെട്ടതിനെ തുടര്‍ന്നാണ് ചോരയൊലിപ്പിച്ച് ഏറെനേരെ റോഡില്‍ കിടന്നയാളെ ഒടുവില്‍ അശുപത്രിയിലെത്തിച്ചത്. കൊച്ചി നഗരത്തിലെ തിരക്കേറിയ പദ്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം സന്ധ്യയോടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.
സമീപത്തെ ഒരു ലോഡ്ജിനുമുകളില് നില്‍ക്കുകയായിരുന്ന തൃശ്ശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശി സജി തല കറങ്ങി താഴേക്ക് വീഴുകയായിരുന്നു.കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് റോഡില്‍ നിര്‍ത്തിയിട്ട ഒരു സ്കൂട്ടറിന് മുകളില്‍ തട്ടി സജി ഫു്ടപാത്തില്‍ വീഴുമ്പോള്‍ താഴെ ഒരുപാട് ആളുകള്‍ നില്‍പ്പുണ്ടായിരുന്നു. പക്ഷെ കൂടി നിന്നവരാരും സജിയെ എഴുന്നേല്പ്പിക്കാനോആശുപത്രിയിലേക്ക് കൊണ്ടുപോകാനോ തയ്യാറായില്ല. ചിലര്‍ എത്തിനോക്കിയശേഷം പെട്ടെന്ന് സ്ഥം വിട്ടു. ചിലര്‍ ഒന്നും സംഭവിക്കാത്തപോലെ നടന്നു നീങ്ങി. ബാക്കിയുള്ളവര്‍ വെറു കാഴ്ചക്കാരായി നിന്നു.
ഇത് കണ്ടാണ് വഴിയാത്രക്കാരിയായ വീട്ടമ്മ രോഷത്തോടെ ഇടപെട്ടത്.പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അവര്‍ പലരോടും പലവട്ടം അഭ്യര്‍ത്ഥിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അപകടം നടന്ന സ്ഥലത്ത് തന്നെ പാര്‍ക്ക് ചെയ്ത ജീപ്പും ഓട്ടോയുമണ്ടായെങ്കിലും അവര്‍ ഒന്നും കണ്ട ഭാവം നടച്ചിച്ചില്ല. യുവതി നിരന്തരം അഭ്യര്‍ത്ഥിച്ചതോടെ ചിലര്‍ ഒരു ഓട്ടോ തടഞ്ഞ് സജിയെ കയറ്റാന്‍ ശ്രമിച്ചു. ഓട്ടോയില്‍ കയറ്റിയെങ്കിലും പിന്നീട് താഴെയിറക്കി റോഡില്‍ തന്നെ കിടത്തി. ഇതോടെ ഓട്ടോറിക്ഷ സ്ഥലം വിട്ടു.
സഹികെട്ട വീട്ടമ്മ ഒരു കാര്‍ തടഞ്ഞു നിര്‍ത്തി അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ സജിയെ ആദ്യം ജനറല്‍ ആശുപത്രിയിലെ പ്രഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിപെട്ടയാളുടെ ജീവന് രക്ഷിച്ച വീട്ടമ്മ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.