മമ്മൂട്ടിയുടെ പ്രതികരണത്തില്‍ തൃപ്തയല്ല ; താഴ്ന്നു നിന്ന് ജോലി ചെയ്യാന്‍ താല്പര്യം ഇല്ല : പാര്‍വതി
കസബ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടി പാര്‍വതി രംഗത്ത്. വിവാദവുമായി ബന്ധപ്പെട്ട മമ്മൂട്ടിയുടെ നിലപാടില്‍ പൂര്‍ണ തൃപ്തി ലഭിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്നും ഈ വിഷയത്തില്‍ മമ്മൂട്ടി സംസാരിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി വ്യക്തമാക്കി. എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ ഇത്തരത്തില്‍ പ്രതികരിച്ചത്. ഇക്കാര്യം വ്യക്തമാക്കി മമ്മൂട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ഇത്തരം കാര്യങ്ങള്‍ തനിക്ക് ശീലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ അപ്പോഴും അത് വേറൊരു തലത്തിലെത്തിയിരുന്നു. എന്നേയും അദ്ദേഹത്തേയും മാത്രം ബാധിക്കുന്ന കാര്യം മാത്രമായല്ല, എല്ലാവരേയും കുറിച്ചുള്ള ഒന്നായി മാറിയെന്നും പാര്‍വതി പറയുന്നു. അതുപോലെ പല സ്ഥലങ്ങളിലും താഴ്ന്നു നില്‍ക്കണമെന്ന് പലരും ഉപദേശിച്ചു. എന്നാല്‍ അങ്ങനെ നിന്ന് ജോലി ചെയ്യേണ്ട കാര്യം എനിക്കില്ല.
അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ താന്‍ തന്നെ അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കും എന്നും പാര്‍വതി വ്യക്തമാക്കുന്നു. സിനിമയിലെ അവസര നഷ്ടത്തെ കുറിച്ചോര്‍ത്ത് പേടിച്ച് മിണ്ടാതിരിക്കാനാകില്ല. സ്വന്തം നിലക്ക് പരിശ്രമിച്ച്, കഠിനധ്വാനവും മനോധൈര്യവും കൊണ്ടാണ് സിനിമയില്‍ നില്‍ക്കുന്നത്. 12 വര്‍ഷമായി സിനിമയാണ് എന്റെ ലോകം. ഞാന്‍ ഇനിയും സിനിമ ചെയ്യും. തടസ്സങ്ങളുണ്ടായേക്കാം. പക്ഷേ പേടിച്ചോടില്ല.’ പാര്‍വതി കൂട്ടിച്ചേര്‍ത്തു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതി വിവാദ പരാമര്‍ശനം നടത്തിയത്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തില്‍ സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്നതിന് എതിരെ ആയിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. ഇതോടെ മമ്മൂട്ടി ഫാന്‍സ് തെറിവിളിയും പൊങ്കാലയുമായി രംഗത്ത് വരികയായിരുന്നു.