മുത്തലാഖ് നിരോധന ബില്‍ ഉടന്‍ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി : മുത്തലഖ് നിരോധന ബില്‍ പാര്‍ലമെന്റ് പാസാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ധേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സാമൂഹ്യ നീതിയും പുതിയൊരു സാമൂഹ്യക്രമവും ഉറപ്പാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. സ്വാര്‍ത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതുവരെ മുസ്‌ളീം സ്ത്രീകളുടെ അന്തസിന് തടസ്സമായതെന്ന് രാഷ്ട്രപതി കുറ്റപ്പെടുത്തി. മുസ്‌ളീം സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാനുള്ള നിബന്ധനയില്‍ ഇളവ് നല്‍കിയെന്ന് പറഞ്ഞ രാഷ്ട്രപതി ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെ കുറിച്ച് പരാമര്‍ശിച്ചില്ല.

2018 ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക വര്‍ഷമെന്ന് രാഷ്ട്രപതി പറഞ്ഞു. അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായി നീങ്ങും. മൂന്ന് ലക്ഷം വ്യാജ കമ്പനികളുടെ അംഗീകാരം ഇതിനകം റദ്ദാക്കി. ജമ്മുകശ്മീരില്‍ ചര്‍ച്ച ആഗ്രഹിക്കുന്നവരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താന്‍ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങണമെന്നും രാഷ്ട്രപതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഭരണഘടന മാറ്റിയെഴുതാനാനുള്ള നീക്കത്തിന്റെ ഭാഗമാണ് തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താനുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.