ചാലക്കുടിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച : 20 കിലോ സ്വര്‍ണം കവര്‍ന്നു ; മോഷ്ട്ടാക്കള്‍ എത്തിയത് ഭിത്തി തുരന്ന്
ചാലക്കുടി : ചാലക്കുടിയിലെ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇടശേരി ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്നെത്തിയ മോഷ്ടക്കാൾ 20 കിലോ സ്വർണവും ആറു ലക്ഷം രൂപയും കവർന്നു. തിങ്കളാഴ്ച രാവിലെ ഷോപ്പ് തുറന്ന സമയമാണ് മോഷണവിവരം അറിയുന്നത്. രാവിലെ പത്ത് മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. മോഷണം നടന്നത് ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാത്രിയോ ആയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. കടയുടെ പിന്‍ഭാഗത്തുള്ള ഭിത്തി തുരന്നാണ് മോഷ്ട്ടാക്കള്‍ അകത്തു കയറിയത്. ഇടശേരി ജ്വല്ലറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പ്രതികളെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭിത്തിയിലെ എക്സ്ഹോസ്റ്റ് ഫാൻ തകർത്ത്, ആ തുരങ്കം വലുതാക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. തുടർന്ന് ജ്വല്ലറിയുടെ ഭൂഗർഭ അറയിലേക്ക് കയറുകെട്ടിയിറങ്ങി. ഭൂഗർഭ അറയിലെ ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത ശേഷമാണ് സ്വർണം കവർന്നത്. ഭൂഗർഭ അറയിലെ ലോക്കറിനുള്ളിലെ പൗച്ചിൽ സൂക്ഷിച്ചിരുന്ന 20 കിലോയോളം സ്വർണ്ണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതിൽ ഒരു കിലോ പഴയ സ്വർണ്ണമാണ്. ഇതോടൊപ്പം സൂക്ഷിച്ചിരുന്ന ആറ് ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്.