1.8 മില്യന്‍ ഡ്രീമേഴ്സിന് അമേരിക്കന്‍ പൗരത്വം: ട്രംപ്

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന 1.8 മില്യന്‍ ഡ്രീമേഴ്സിന് അമേരിക്കന്‍ പൗരത്വം നല്‍കുന്ന ബില്ലില്‍ ഒപ്പിടാന്‍ ട്രംപ് തയാറാകുന്നതായി ജനുവരി 25-നു വ്യാഴാഴ്ച വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഫെബ്രുവരിയില്‍ ചേരുന്ന സെനറ്റ് സതേണ്‍ ബോര്‍ഡര്‍ സംരക്ഷിക്കുന്നതിനു മതില്‍ പണിയുന്നതിന് 25 ബില്യന്‍ ഡോളറിന്റെ ട്രസ്റ്റ് ഫണ്ട് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് പുതിയ തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്.

ഇതോടൊപ്പം ഫാമിലി വിസ ഭാര്യയ്ക്കോ, ഭര്‍ത്താവിനോ, മൈനര്‍മാരായ കുട്ടികള്‍ക്കോ മാത്രമായി പരിമിതപ്പെടുത്തുമെന്നും, ലോട്ടറി വിസ സിസ്റ്റം പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഡാക്ക പ്രോഗ്രാം അവസാനിപ്പിക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും 2018 മാര്‍ച്ച് വരെ നീട്ടുന്നതിനു പീന്നീട് സെനറ്റ് തീരുമാനം എടുത്തിരുന്നു.

690,000 പേര്‍ മാത്രമാണ് ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളൂ. എന്നാല്‍ പതിനായിരങ്ങള്‍ ഇതുവരേയും അപേക്ഷ പോലും നല്‍കാത്തവരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.