ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മഞ്ജു വാര്യര്‍ വേണ്ടെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ നേതൃത്വം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത നിഷേധിച്ച് സിപിഐഎം ജില്ല നേതൃത്വം രംഗത്ത്. പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പ്രവര്‍ത്തകരെ തന്നെയാണ് പരിഗണിക്കുന്നതെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കി.

തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസ് വിജയിച്ച ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറി വിജയമാണ് സിപിഎം നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണയും വിജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന തരത്തില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷത്തിനു പൂര്‍ണ്ണ വിശ്വാസമുള്ളതിനാല്‍ മണ്ഡലത്തില്‍ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി നടന്ന ചര്‍ച്ചകളിലാണ് നടി മഞ്ജുവാര്യരുടെ പേരും ഇടംപിടിച്ചതായി നവമാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് മഞ്ജുവാര്യരുടെ സ്ഥാനാര്‍ത്ഥിത്വത്തെ പാടെ തള്ളി പാര്‍ട്ടി നിലപാട് വ്യക്തമാക്കി സിപിഐഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. പതിനായിരക്കണക്കിന് കേഡര്‍മാരുള്ള ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിക്ക് താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളുടെ ആവശ്യമില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു സജി ചെറിയാന്‍ വ്യക്തമാക്കി.

സംസ്ഥാന സമ്മേളനത്തിനുശേഷം ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.