കേരളത്തില്‍ കുപ്പിവെള്ളത്തിന്‍റെ വിലകുറയും ; ഇനി ലിറ്ററിന് പത്തുരൂപയ്ക്ക് ഒരു കുപ്പിവെള്ളം

കൊച്ചി : കേരളവിപണിയില്‍ കുപ്പിവെള്ളത്തിന്‌ വില കുറയ്ക്കുവാന്‍ കുപ്പി വെള്ള നിര്‍മ്മാതാക്കളുടെ തീരുമാനം. കേരളത്തിലെ കുപ്പിവെള്ള നിര്‍മ്മാണ മേഖലയിലുള്ള 105 കമ്പനികള്‍ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. അവശ്യവസ്തുവെന്ന പരിഗണനയിലും കോര്‍പറേറ്റ് കമ്പനികളെ അപേക്ഷിച്ച് വില കുറച്ച് ഉപഭോക്താക്കളെ കൂടുതല്‍ നേടാനുമാണ് വിലകുറയ്ക്കുന്നത്.

സര്‍ക്കാര്‍ പുറത്തിറക്കുന്ന കുപ്പിവെള്ളമായ ഹില്ലി അക്വ കുപ്പിവെള്ളത്തിന് ലിറ്ററിന് 10 രൂപയാണ് നിലവിലെ വില. 10 രൂപയായി വില കുറയ്ക്കുന്നതിനാല്‍ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യവും ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ട്. കുറഞ്ഞ വില എന്നുമുതല്‍ നിലവില്‍ വരുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വേനല്‍ കാലം മുന്നില്‍ കണ്ടു കോര്‍പ്പറേറ്റ് കമ്പനികളുമായി കടുത്ത മത്സരത്തിന് തന്നെയാണ് കുപ്പിവെള്ള കമ്പനികളുടെ തീരുമാനം.