തൃശൂര്‍ നഗരത്തിലിറങ്ങിയ ഗ്രീന്‍മാന്‍’ നാടിനെ ഞെട്ടിച്ചു;തെരുവിനെ അമ്പരപ്പിച്ച ഏകാംഗപ്രകടനത്തിനു സ്‌നേഹം നല്‍കി ആളുകളും
തൃശൂര്‍ നഗരം മെല്ലെ തിരക്കിലേക്ക് പോകവെയാണ് പെട്ടെന്നൊരു പച്ചമനുഷ്യന്‍ തെരുവിലേക്ക് ഇറങ്ങിയത്.എന്റെ വടക്കും നാഥാ ഇവനിപ്പോ എവിടുന്നാ പൊട്ടി വീണത് എന്ന അമ്പരപ്പായിരുന്നു എല്ലാവര്‍ക്കും.പിന്നെ കഥയറിഞ്ഞവരെല്ലാം പുഞ്ചിരിച്ചുകൊണ്ട് കൂടെക്കൂടി. പത്താമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായാണ് തൃശൂര്‍ നഗരത്തില്‍ ഗ്രീന്‍മാന്‍ ഏകാംഗനാടകവുമായി സ്പെയിന്‍കാരാനായ ആഡ്രിയാന്‍ ഷെവാര്‍ എത്തുന്നത്.
പച്ചനിറത്തിലൂള്ള വസ്ത്രവും മേക്കപ്പുമെല്ലാം അണിഞ്ഞാണ് സ്റ്റെന്‍ നഗരഹൃദയത്തിലേക്ക് വന്നിറങ്ങിയത്. സാധാരണക്കാരില്‍ അസാധാരണക്കാരനായ ഈ മനുഷ്യന്‍ പച്ചനിറത്തില്‍ കണ്ടെതെല്ലാം കെട്ടിപ്പിടിക്കുന്നു. ഉമ്മ വയ്ക്കുന്നു. അത് വാഹനങ്ങളായാലും ശരി, മനുഷ്യരായാലും ശരി, പച്ചമനുഷ്യന്റെ സ്നേഹപ്രകടനങ്ങള്‍ എന്തായാലും ഏവര്‍ക്കും ഇഷ്ട്ടപ്പെട്ടു. ആദ്യത്തെ അമ്പരപ്പൊക്കെ മാറ്റിവച്ച് ആള്‍ക്കാര്‍ ഒപ്പം കൂടിയതോടെ പൊലീസിനെ ഒന്ന് സഹായിക്കാമെന്ന് വച്ച് ഗതാഗതം നിയന്ത്രിക്കാനും കൂടി ഈ ഗ്രീന്‍മാന്‍.
ആള് അത്ര കുഴപ്പമുള്ളയാളല്ല എന്ന് മനസ്സിലാക്കിയതോടെ പച്ചമനുഷ്യനൊപ്പം ചിരിക്കാനും കളിക്കാനുമൊക്കെ ആള്‍ക്കാര്‍ക്കും ഉത്സാഹമായി.സ്നേഹത്തോടെ കെട്ടിപ്പിടിക്കാനും, ഭക്ഷണം നല്‍കിയപ്പോള്‍ വാ തുറന്നുകാണിക്കാനും ആളുകള്‍ തിരക്ക് കൂട്ടി.അങ്ങനെ അറിയാതെ നാട്ടുകാരും ലോകം ആദരിക്കുന്ന ഒരു കലാരൂപത്തിന്റെ ഭാഗമാവുകയായിരുന്നു.
മലയാളികള്‍ തെരുവുനാടകങ്ങള്‍ പലതും കണ്ടിട്ടുണ്ടാകും.പക്ഷെ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഗ്രീന്‍മാന്‍ എന്ന ഏകാംഗനാടകം. കാപട്യമില്ലാത്ത സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാവുകയാണ് തൃശൂര്‍ നഗരത്തിലറങ്ങിയ ഗ്രീന്‍മാന്‍.