പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ എഞ്ചിന്‍ നിലച്ചു: പൈലറ്റ് വിമാനം ഹൈവേയിലിറക്കി -വീഡിയോ

കാലിഫോര്‍ണിയ:പറന്നുകൊണ്ടിരിക്കവെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ചെറുവിമാനം ഹൈവേയില്‍ ഇറക്കി. കാലിഫോര്‍ണിയയിലാണ് സംഭവം.വിമാനം ഹൈവേയില്‍ ഇറക്കുന്ന സമയത്ത് വാഹനങ്ങള്‍ തീരെ കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവാക്കി.


സാന്റിയാഗോയില്‍ നിന്ന് വാന്‍ നുയിസിലേക്ക് പോവുകയായിരുന്ന ചെറുവിമാനമാണ് എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയത്. ഇസ്സി സ്ലോഡ് എന്ന പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. കൂടെ ഇദ്ദേഹത്തിന്റ സുഹൃത്തുമുണ്ടായിരുന്നു. പറന്നുകൊണ്ടിരിക്കവെ വിമാനത്തിന്റെ എഞ്ചിനില്‍ തകരാറുണ്ടായത് ശ്രദ്ധയില്‍ പെട്ട ഇസ്സി സ്ലോഡ് എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് വിമാനം ഹൈവേയില്‍ ഇറക്കാന്‍ തീരുമാനിച്ചത്.

എഞ്ചിന്‍ തകരാറിലായെന്നും വിമാനം ഹൈവേയില്‍ അടിയന്തിരമായി ഇറക്കുകയാണെന്നും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. ആ സമയത്ത് വാഹനങ്ങള്‍ കുറവായിരുന്നുവെന്നത് അത്ഭുതമായി തോന്നുന്നുവെന്നാണ് പിന്നീട് പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞത്.