അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം ; വിഷയത്തില്‍ സുഷമ സ്വരാജ് ഇടപെടുന്നു ; പിന്നില്‍ കുമ്മനം

ദുബായില്‍ തടവില്‍ കഴിയുന്ന പ്രമുഖ മലയാളി പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ് മോചനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലും മധ്യസ്ഥരുടെ നീക്കവുമാണ് രാമചന്ദ്രനെ ഉടന്‍ ജയില്‍ മോചിതനാക്കും എന്ന് കാര്യത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. രാമചന്ദ്രന്റെ മോചനത്തിനായി കുടുംബാം?ഗങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹമാണ് വിഷയം കേന്ദ്രസര്‍ക്കാരിനും ബിജെപി ദേശീയനേതൃത്വത്തിനും മുന്‍പിലെത്തിച്ചത്.

ചര്‍ച്ചകളില്‍ രാമചന്ദ്രന്റെ ബാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ കുടുംബം കുമ്മനത്തിന് കൈമാറി. ഈ വിവരങ്ങള്‍ കുമ്മനം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും എത്തിച്ചു. തുടര്‍ന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി വഴി അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്ത 22 ഓളം ബാങ്കുകളുമായി ചര്‍ച്ച നടത്തുകയും ജയിലില്‍ നിന്നും പുറത്തു വന്നാല്‍ സ്വത്തുകള്‍ വിറ്റും കടം തീര്‍ക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

രാമചന്ദ്രന്‍ ജയില്‍ മോചിതനായി ബാധ്യതകള്‍ തീര്‍ക്കണമെന്ന ഉറപ്പില്‍ പരാതികള്‍ പിന്‍വലിക്കാമെന്ന് ഭൂരിപക്ഷം ബാങ്കുകളും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും രണ്ടോ മൂന്നോ ബാങ്കുകളാണ് ഇപ്പോഴും എതിര്‍പ്പ് ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. ഇവരുമായും ധാരണയിലെത്തി എത്രയും പെട്ടെന്ന് അദ്ദേഹത്തെ പുറത്തിറക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

രാമചന്ദ്രന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ കുടുംബം പലരേയും സമീപിച്ചിരുന്നുവെങ്കിലു ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് കുമ്മനം പറയുന്നു. ലോകകേരളസഭയിലടക്കം അറ്റ്ലസ് രാമചന്ദ്രന്റെ കാര്യം ആരും ഉന്നയിച്ചില്ല. എല്ലാവരും കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യ സഹായം അഭ്യര്‍ത്ഥിച്ച് കത്ത് നല്‍കിയത്. തന്റെ മോചനത്തിന് തടസ്സം നില്‍ക്കുന്നതാരൊക്കെയാണെന്ന് ജയില്‍ മോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന്‍ വെളിപ്പെടുത്തും. അദ്ദേഹത്തിന്റെ കുടുംബത്തിനും ഇക്കാര്യത്തില്‍ ചിലതു പറയാനുണ്ട് എന്നും കുമ്മനം പറയുന്നു. 2015 ആഗസ്റ്റ് മുതല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബൈയിലെ ജയിലില്‍ കഴിയുകയാണ്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബൈ കോടതി രാമചന്ദ്രന് ശിക്ഷവിധിച്ചത്.