പകരം വീട്ടാനുറച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം
ജൊഹന്നാസ്ബര്‍ഗ്: ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പിച്ചിലേക്ക്.ആറ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ ജൊഹന്നാസ്ബര്‍ഗില്‍ നടക്കും.കഴിഞ്ഞ വര്‍ഷം ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പാരമ്ബരയിലൂടെയാണ് ഈ വര്‍ഷത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്.എന്നാല്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ അടിയറ വെച്ചത്. എങ്കിലും അവസാന മത്സരത്തില്‍ നേടിയ ഉജ്ജ്വലവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്ലിയും സംഘവും ഇറങ്ങുന്നത്. ലോകറാങ്കിംഗില്‍ ഒന്നും രണ്ട് സ്ഥാനങ്ങളിലാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും.
ഏകദിനത്തില്‍ ഏത് പിച്ചിലും മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ ടീമിന് കഴിയാറുണ്ട്. അതിനാല്‍ത്തന്നെ ഉജ്ജ്വലപോരാട്ടം പരമ്പരയില്‍ പ്രതീക്ഷിക്കാം. ഹിറ്റ്മാന്‍ രോഹിത് ശര്‍മ, ധവാന്‍, ക്യാപ്റ്റന്‍ കോഹ്ലി, എംഎസ് ധോണി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യെ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര സുശക്തം. ഷമി, ഭുവനേശ്വര്‍, ബൂമ്‌റ പേസ് ത്രയവും അശ്വിനും ചേരുമ്പോള്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഭയന്നെ തീരു.
മറുവശത്ത് ആതിഥേയരും മോശക്കാരല്ല. ഏകദിനത്തിലെ ശക്തിദുര്‍ഗങ്ങളാണ് ദക്ഷിണാഫ്രിക്ക. എങ്കിലും അവരുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡിവില്ലിയേഴ്‌സിന് പരുക്കേറ്റത് തിരിച്ചടി ആയിട്ടുണ്ട്. ആദ്യ മൂന്ന് മത്സരങ്ങള്‍ എബിഡിക്ക് നഷ്ടമാകും. എന്നാലും കാര്യമായ പോരായ്മകളൊന്നും ബാറ്റിംഗില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഹാഷിം അംല, ഡി കോക്ക്, ഡുപ്ലെസി എന്നിവര്‍ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് പകരും. ഫിലാന്‍ഡര്‍, ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തകര്‍ത്ത അരങ്ങേറ്റക്കാരന്‍ ലുംഗി, മോര്‍ക്കല്‍ എന്നിവരടങ്ങിയ പേസ് നിരയും ശക്തം തന്നെ.
പരമ്പര വിജയം ലോകറാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരെയും നിര്‍ണയിക്കും. ഇപ്പോള്‍ 120 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 119 പോയിന്റുകളാണുള്ളത്. പരമ്പര നേടാനായാല്‍ ഇന്ത്യയ്ക്ക് ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലെയും ഒന്നാം സ്ഥാനം സ്വന്തമാക്കാം.