ഒടിയന്‍ ലുക്കിലെത്തി തകര്‍പ്പന്‍ സ്മാഷുകളുമായി കളം നിറഞ്ഞ് ലാലേട്ടന്‍;ആവേശം പകര്‍ന്ന് കളിക്കാരും

പുതിയ ‘മേക്ക് ഓവറിലെത്തി തകര്‍പ്പന്‍ സ്മാഷുകളുമായി കാലം നിറഞ്ഞ് ലാലേട്ടന്‍.കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ജേണലിസ്റ്റ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ പ്രചാരണത്തിനായി നടത്തിയ സൗഹൃദവോളി മത്സരത്തിലാണ് മോഹന്‍ലാലും ടെറിട്ടോറിയല്‍ ആര്‍മിക്കുവേണ്ടി കളത്തിലെത്തിയത്.ടീമിനെ വിജയത്തിലെത്തിച്ചാണു മോഹന്‍ലാല്‍ മടങ്ങിയത്. മോഹന്‍ലാലുള്‍പ്പെട്ട ആര്‍മി ടീമും ജില്ലാ പൊലീസ് മേധാവി നയിച്ച പ്രസ് ക്ലബ് ടീമും തമ്മിലായിരുന്നു മത്സരം. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ആര്‍മി ടീമിന്റെ ജയം.

ഒടിയനു വേണ്ടി ശരീരഭാരം കുറച്ചുള്ള മോഹന്‍ലാലിന്റെ ന്യൂലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. പുതിയ ലുക്കില്‍ ഇതാദ്യമാണ് മോഹന്‍ലാല്‍ കണ്ണൂരിലെത്തുന്നത്. ടെറിട്ടോറിയല്‍ ആര്‍മിയുടെ കണ്ണൂരിലെ ബറ്റാലിയനില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ കൂടിയാണ് മോഹന്‍ ലാല്‍. ഏറെകാലത്തിന് ശേഷം ക്യാമ്പിലെത്തിയ ലാല്‍ സൈനിക പരിശീലനത്തിനു കൂടിയാണു വന്നത്.

മത്സരത്തിന് തലേന്ന് രാത്രിതന്നെ കണ്ണൂരിലെത്തിയ മോഹന്‍ലാല്‍ പിറ്റേന്ന് രാവിലെ ടെറിട്ടോറിയല്‍ ആര്‍മി ആസ്ഥാനത്തു പരിശീലനത്തില്‍ പങ്കെടുക്കുകയും ചെയ്തു. ശേഷമാണ് ആര്‍മി കോര്‍ട്ടില്‍ വോളിബോള്‍ മത്സരത്തില്‍ പങ്കെടുത്തത്.