ന്യുയോര്‍ക്കില്‍ മയിലിന് പറക്കാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചു

മയിലിന് പറക്കുവാന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ് ന്യൂയോര്‍ക്കിലെ യുണൈറ്റഡ് എയര്‍ലൈന്‍ അധികൃതര്‍. കഴിഞ്ഞ ദിവസമാണ് ന്യൂയോര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ രസകരമായ സംഭവമുണ്ടായത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ വെന്റിക്കോയാണ് തന്റെ മയിലുമായി വിമാനത്തില്‍ പറക്കാന്‍ എത്തിയത്. പ്രത്യേകമായി ടിക്കറ്റുമെടുത്തിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന് കാട്ടി അധികൃതര്‍ മയിലിന് യാത്ര നിഷേധിക്കുകയായിരുന്നു. സീറ്റ് ലഭിക്കാന്‍ അധികച്ചെലവ് വഹിക്കാന്‍ താന്‍ തയാറാണെന്നും വൈകാരിക പിന്തുണ നല്‍കുന്ന മൃഗം/പക്ഷിയുമായി യാത്ര ചെയ്യാന്‍ തനിക്ക് അവകാശമുണ്ടെന്നും ഇവര്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

മയിലിന് ഭാരക്കൂടുതലും വലിപ്പക്കൂടുതലും ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പേ ഇക്കാര്യങ്ങള്‍ തങ്ങള്‍ യാത്രക്കാരോട് വിശദീകരിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഒരാള്‍ക്ക് വൈകാരിക പിന്തുണ നല്‍കുന്ന ചില വളര്‍ത്ത് മൃഗവുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. കഴിഞ്ഞ മാര്‍ച്ച് ഒന്നുമുതലാണ് ന്യൂയോര്‍ക്കില്‍ ഈ നിയമം നിലവില്‍ വന്നത്. എന്നാല്‍ ഇതിന്റെ ഭാരം, വലുപ്പം എന്നിവയെല്ലാം സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. മാത്രമല്ല ഡോക്ടറുടെ പേപ്പറും ആവശ്യമുണ്ട്. ഇതൊന്നും പാലിക്കാത്തത് കൊണ്ടാണ് യാത്ര നിഷേധിച്ചതെന്നാണ് വിമാന അധികൃതര്‍ പറയുന്നത്.