രാജഗിരി ആശുപത്രിയുടെ ജനറല്‍ വാര്‍ഡില്‍ അക്രമം: ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു

കൊച്ചി: ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയുടെ ജനറല്‍ വാര്‍ഡില്‍ ഒരു സംഘം ആളുകള്‍ അക്രമം നടത്തി. സഹീര്‍ എന്ന വ്യക്തിയും സംഘവുമാണ് ആശുപത്രിയില്‍ അതിക്രമം നടത്തിയത്. ആശുപത്രിയിലെ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായതിനെത്തുടര്‍ന്ന് സഹീര്‍ പുറത്തുപോയി എട്ടോളം പേരെ കൂട്ടിവന്നു ആശുപത്രിയുടെ ജനറല്‍ വാര്‍ഡില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

സംഘം ആശുപത്രി ജീവനക്കാരെ പുലഭ്യം പറയുകയും, കൈയേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സഹീറിന്റെ നേതൃത്വത്തിലുള്ള ആള്‍ക്കാര്‍ ആശുപത്രിയുടെ ജനറല്‍ വാര്‍ഡിന്റെ പ്രധാന വാതില്‍ ചവിട്ടി പൊളിച്ചു.

രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തിയതിനും, ജീവനക്കാരെ മര്‍ദ്ദിച്ചതിനും, ആശുപത്രി വസ്തുവകള്‍ നശിപ്പിച്ചതും ഉള്‍പ്പെടുത്തി പ്രതികള്‍ക്ക് എതിരായി ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ചു ജാമ്യമില്ല വകുപ്പ് ചേര്‍ത്തതാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജനറല്‍ വാര്‍ഡില്‍ വച്ച് സഹീറിന്റെ ബന്ധുതയിലുള്ള ഒരു കുട്ടിയെ കുത്തിവച്ചപ്പോള്‍, കുട്ടി ഉച്ചത്തില്‍ കരയുകയും, ഇതില്‍ മനോവിഷമം തോന്നിയ സഹീറും രണ്ടാംപ്രതിയും ആശുപത്രി ജീവനക്കാരെ പുലഭ്യം പറയുകയും, വാക്കേറ്റം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സഹീര്‍ എട്ടോളം പേരെ വിളിച്ചുവരുത്തി ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും വസ്തുവകകള്‍ തല്ലിതകര്‍ത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചതായിട്ടുമാണ് പരാതി.

അതേസമയം സഹീര്‍ അക്രമത്തിനുശേഷം ഒളിവില്‍ പോയി. എടത്തല സബ് ഇന്‍സ്‌പെക്ടര്‍ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്തത്തില്‍ പ്രതിയ്ക്കുവേണ്ടി പോലീസ് അന്വേക്ഷണം ഊര്‍ജ്ജിതമാക്കി.