വൈപ്പിനില്‍ മാനസികവൈകല്യമുള്ള സ്ത്രീയെ റോഡിലിട്ട് മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു

കൊച്ചി: വൈപ്പിനില്‍ മാനസിക വൈകല്യമുള്ള സ്ത്രീയെ റോഡിലിട്ട് മര്‍ദിച്ച ശേഷം തീപ്പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് സ്ത്രീകളെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

കൊച്ചി പള്ളിപ്പുറം കൈപ്പാശ്ശേരി വീട്ടില്‍ ലിജി അഗസ്റ്റിന്‍, അച്ചാരുപറമ്പില്‍ മോളി, പാറക്കാട്ടില്‍ ഡീന എന്നിവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് പൊതുസ്ഥലത്ത് വച്ച് മാനസികവൈകല്യമുള്ള സ്ത്രീയെ ഇവര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയത്. സ്രിന്‍ഡ ആന്റണി എന്ന സ്ത്രീയെയാണ് ഇവര്‍ മര്‍ദിച്ചത്.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് എത്തിയതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയും കൂടുതല്‍ പേര്‍ മര്‍ദനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.