വീട്ടമ്മയെ നടുറോഡിലിട്ട് മര്‍ദിച്ച സംഭവം:മനുഷ്യാവകാശ,വനിതാ കമ്മീഷനുകള്‍ സ്വമേധയാ കേസെടുത്തു
കൊച്ചി: വൈപ്പിനില്‍ മനോദൗര്‍ബല്യമുള്ള വീട്ടമ്മയെ അയല്‍വാസികളായ വീട്ടമ്മമാര്‍ ചേര്‍ന്നു മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു.മര്‍ദനമേറ്റ വീട്ടമ്മയുടെ പരാതിയില്‍ മുനമ്പം പൊലീസും കെസെടുത്തിട്ടുണ്ട്.മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ വീട്ടമ്മ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞു വരികയാണ്. വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനറല്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വൈകിട്ടോടെ വീട്ടമ്മയെ തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയേക്കും.
വീട്ടമ്മയ്‌ക്കെതിരെ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി നടന്ന ആക്രമണവുമായി ബന്ധപ്പെട്ടു പള്ളിപ്പുറം കൈപ്പാശേരി ലിജി അഗസ്റ്റിന്‍ (47), അച്ചാരുപറമ്പില്‍ മോളി സെബാസ്റ്റ്യന്‍ (44), പാറേക്കാട്ടില്‍ ഡീന ബിജു (37) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പള്ളിപ്പുറം കോണ്‍വെന്റിനു കിഴക്കുള്ള കോളനിയില്‍ താമസിക്കുന്ന നാല്‍പത്തിയെട്ടുകാരിക്കാണ് അയല്‍വാസികളുടെ ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. മര്‍ദനത്തെ തുടര്‍ന്നു അവശയായ വീണ വീട്ടമ്മയുടെ കാല്‍വെള്ളയില്‍ ചട്ടുകം ചൂടാക്കിപൊള്ളിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.