ബിജെപിയെ ഞെട്ടിച്ച് പുതിയ സംഘടനയുമായി യശ്വന്ത് സിന്‍ഹ; രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥക്കെതിരെയാണ് തന്റെ സംഘടനയെന്ന് സിന്‍ഹ

ന്യൂഡല്‍ഹി:മോദിക്കെതിരെ സംഘടനയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ.’രാഷ്ട്ര മഞ്ച്’ എന്ന സംഘടനയുമായാണ് യശ്വന്ത് സിന്‍ഹയുടെ രംഗ പ്രവേശം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുമായി വിയോജിപ്പുള്ളതിനാലുമാണ് രാഷ്ട്ര മഞ്ച് രൂപീകരിക്കുന്നതെന്ന് സിന്‍ഹ പറഞ്ഞു.

രാഷ്ട്ര മഞ്ച് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ദേശീയ പ്രസ്ഥാനമാണെന്നും യശ്വന്ത് സിന്‍ഹ അവകാശപ്പെട്ടു. ബി.ജെ.പി വിമതനേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ എംപിയും യശ്വന്ത് സിന്‍ഹയ്‌ക്കൊപ്പം ഉണ്ട്.

ബിജെപിയില്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ വേദി ലഭിക്കാത്തതിനാലാണു ‘രാഷ്ട്ര മഞ്ച്’ വേദിയില്‍ എത്തിയതെന്നു ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.രാഷ്ട്രീയ മഞ്ച് ഒരു സംഘടനയ്ക്കും എതിരല്ലെന്നും രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റമാണെന്നും സിന്‍ഹ പറഞ്ഞു. ദില്ലിയില്‍ വെച്ച് നടന്ന സംഘടന രൂപീകരണത്തിന്റെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, എന്‍സിപി, ആം ആദ്മി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ബി.ജെ.പിയില്‍ നേതാക്കളെല്ലാം ഭീതിയിലാണു ജീവിക്കുന്നതെന്നു യശ്വന്ത് സിന്‍ഹ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരെ യാചകരാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.