അമലാ പോളിന് നേരെ അപമാനശ്രമം ; വ്യവസായി പോലീസ് പിടിയില്‍
ചെന്നൈ : പ്രശസ്ത സിനിമാ താരം അമലാ പോളിനെ അപമാനിക്കാന്‍ ശ്രമിച്ച ചെന്നൈ വ്യവസായി പോലീസ് പിടിയില്‍. ചെന്നൈ കൊട്ടിവാക്കം സ്വദേശി അഴകേശനയൊണ് മാമ്പലം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ചെന്നൈ ടി നഗറിലെ സ്റ്റുഡിയോയിൽ വച്ച് അഴകേശൻ അശ്ലീല സംഭാഷണം നടത്തിയെന്നും, അപമാനകരമായ രീതിയിൽ ഇടപെട്ടെന്നും കാണിച്ച് അമലാപോൾ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മാമ്പലം പോലീസ് അഴകേശനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ചെന്നൈ ടി നഗറിലെ സ്റ്റുഡിയോയിൽ നൃത്ത പരിശീലനത്തിനിടെയാണ് അഴകേശൻ നടിയോട് മോശമായ രീതിയിൽ പെരുമാറിയത്.
വരാനിരിക്കുന്ന സ്റ്റേജ് ഷോയുടെ ഭാഗമായുള്ള നൃത്ത പരിശീലനമാണ് സ്റ്റുഡിയോയിൽ നടന്നിരുന്നത്. നൃത്ത പരിശീലനത്തിനിടെ സ്റ്റുഡിയോയിൽ എത്തിയ അഴകേശൻ അശ്ലീലം പറഞ്ഞെന്നും, അപമാനകരമായ രീതിയിൽ ഇടപെട്ടെന്നുമാണ് നടിയുടെ പരാതി. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് അമലാപോൾ പരാതി നൽകിയത്. ചെന്നൈയിലെ പ്രമുഖ സംരഭകനും വ്യവസായിയുമായ അഴകേശനെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. മലേഷ്യയിൽ നടക്കാനിരിക്കുന്ന സ്റ്റേജ് ഷോയുടെ ഭാഗമായാണ് അമലാപോൾ ടി നഗറിൽ പരിശീലനം നടത്തിയിരുന്നത്. എന്നാൽ തന്റെ മലേഷ്യൻ സന്ദർശനത്തെക്കുറിച്ച് അഴകേശൻ മനസിലാക്കിയതോടെ ഇയാളിൽ നിന്ന് എന്തെങ്കിലും സുരക്ഷാപ്രശ്നം നേരിടേണ്ടിവരുമോ എന്ന് നടി ഭയന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമലാപോൾ പോലീസിൽ പരാതി നൽകിയത്.