താന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സഹായിക്കാന്‍ ആരുമെത്തിയില്ലെന്ന് സനുഷ;ഫെയ്സ്ബുക്കിലൂടെ മാത്രമാണ് മലയാളികളുടെ പ്രതികരണമെന്ന് നടി
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെ താന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ സഹായിച്ചില്ലെന്നു യുവനടി സനുഷ.ആക്രമിക്കപ്പെടുമ്പോള്‍ സഹായത്തിനായി കൂടെയുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ആരും എത്തിയില്ല.സിനിമയിലെ സുഹൃത്തുക്കള്‍ മാത്രം ആണ് പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സഹായിച്ചതെന്ന് സനുഷ പ്രതികരിച്ചു. ഫെയ്സ്ബുക്കിലൂടെ മാത്രമാണ് മലയാളികളുടെ പ്രതികരണമെന്നും കണ്മുന്നില് ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്നും നടി പറഞ്ഞു.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചത്.ആക്രമിക്കാന്‍ ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.