എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ മുന്‍പാകെ സത്യവാചകം ചൊല്ലിയാണ് മന്ത്രിസഭയിലേക്ക് എ.കെ ശശീന്ദ്രന്‍ തിരികെയെത്തുക.

ഹണി ട്രാപ്പ് വിവാദത്തെത്തുടര്‍ന്നാണ് നേരത്തെ ശശീന്ദ്രന്‍ രാജിവെച്ചത്. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുകയും, ഫോണ്‍കെണികേസില്‍ പരാതിക്കാരി പരാതി പിന്‍വലിയുകയും ചെയ്ത സാഹചര്യത്തില്‍ കുറ്റ വിമുക്തനായതോടെയാണ് എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്കെത്തുന്നത്.

കുറ്റവിമുക്തനാക്കപ്പെട്ട ശശീന്ദ്രനെ മന്ത്രിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.ശശീന്ദ്രനെ മന്ത്രിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഫയല്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചു.

അതേസമയം ശശീന്ദ്രന്റെ കേസ് ഒത്തു തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം ഹര്‍ജി നല്‍കിയ തയ്ക്കാട് സ്വദേശിനി മഹാലക്ഷ്മിയെന്ന സാമൂഹ്യ പ്രവര്‍ത്തക ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.