അമേരിക്കയിലെ ഈവര്‍ഷത്തെ രണ്ടാമത്തെ വധശിക്ഷയും ടെക്സസ്സില്‍ നടപ്പാക്കി

പി.പി. ചെറിയാന്‍

ഹണ്ട്സ് വില്ല: ഡാലസില്‍ നിന്നുള്ള വില്യം റെയ്ഫോര്‍ഡിന്റെ (64) വധശിക്ഷ ഇന്ന് (ജനുവരി 30 ചൊവ്വാഴ്ച) രാത്രി 8.30 ന് ഹണ്ട്സ് വില്ല ജയിലില്‍ നടപ്പാക്കി.

44 വയസ്സുള്ള ഭാര്യയെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിലായിരുന്നു വധ ശിക്ഷ വിധിച്ചത്. ഭാര്യയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മകനും കുത്തേറ്റിരുന്നു. പിതാവിന് എതിരായി മകന്‍ കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നു.

വധ ശിക്ഷ നടപ്പാകുന്നത് സുപ്രീം കോടതി തടഞ്ഞുവെങ്കിലും, പീന്നീട് ശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടുകയായിരുന്നു.

ചെയ്തു പോയ തെറ്റിന് മാപ്പപേക്ഷിക്കുന്നുവെന്നും, അര്‍ഹിക്കാത്ത ശിക്ഷയാണ് ഭാര്യയ്ക്ക് നല്‍കിയതെന്നും വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രതി ഏറ്റു പറഞ്ഞിരുന്നു.

മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിച്ച് 13 മിനിട്ടിനകം മരണം സ്ഥിരീകരിച്ചു.

അമേരിക്കയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. രണ്ടും ടെക്സാസില്‍ തന്നെയായിരുന്നു. ഈ ആഴ്ച മറ്റൊരു കൊലകേസിലെ പ്രതി ജോണ്‍ ഡേവിഡിന്റെ വധ ശിക്ഷയും നടപ്പാക്കും.