ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ മിന്നും താരം പുള്‍ഗ വീണ്ടുമെത്തുന്നു;സെമി ഉറപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ്

സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്‍ഗ വീണ്ടും കേരളം ബ്ലാസ്റ്റേഴ്‌സിലെത്തുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് പുള്‍ഗയുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം കഴിഞ്ഞ ആഴ്ച മുതല്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. മിഡ്ഫീല്‍ഡില്‍ കിസിറ്റോയ്ക്ക് ഏറ്റ പരിക്കാണ് പുള്‍ഗയെ ടീമിലെത്തിക്കാനുള്ള കാരണം.

2014-15 സീസണിലാണ് പുള്‍ഗ കേരളത്തിന്റെ മിഡ്ഫീല്‍ഡില്‍ കളിച്ചത്.15 മത്സരങ്ങളില്‍ ആ സീസണില്‍ കേരളത്തിനായി പുള്‍ഗ കളിച്ചിട്ടുണ്ട്. ആ സീസണിലെ കേരളത്തിന്റെ ഏറ്റവും മികച്ച കളിക്കാരില്‍ ഒന്ന് പുള്‍ഗ ആയിരുന്നു. ആരാധകര്‍ക്കും പ്രിയങ്കരനായ താരത്തെ ടീമിലെത്തിക്കുന്നതോടെ മിഡ്ഫീല്‍ഡില്‍ കേരളം നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.സെമിയിലെത്താന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണമെന്നിരിക്കെ പുള്‍ഗയുടെ വരവ് കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാവുകയാണ്. അടുത്ത മത്സരത്തില്‍ പുള്‍ഗ ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്ഫീല്‍ഡില്‍ ഇറങ്ങും.