കെ എസ് ആര്‍ ടി സി ഒരു ബസിന്‍റെ കടം ഒരുകോടി രൂപ ; വരവിന്റെ ഇരട്ടി ചിലവ്

തിരുവനന്തപുരം : വരവിന്‍റെ ഇരട്ടി ചിലവുമായി ഓടിക്കൊണ്ടിരിക്കുന്ന നമ്മുടെ ആനവണ്ടികള്‍ക്ക് ഒരു വണ്ടിയുടെ കടം ഒരു കോടി രൂപ. ഇപ്പോഴത്തെ നിലയ്ക്ക് കോര്‍പ്പറേഷന്റെ കടം 5079.59 കോടി രൂപയാണ്. ആറായിരത്തോളം ബസുള്ള കെ.എസ്.ആര്‍.ടി.സി.യില്‍ ദിവസേന ഓടിക്കുന്നത് 5000 ബസ്സും. അങ്ങനെയെങ്കില്‍ ഒരു ബസിന് ഒരു കോടി രൂപവെച്ച് കടം ഉണ്ട് എന്ന് സാരം. വരുമാനത്തിന്‍റെ ഇരട്ടി ചിലവാണ്‌ കെ എസ് ആര്‍ ടി സിയുടെ നടുവൊടിക്കുന്നത്.

നിലവില്‍ 165 കോടിയാണ് കോര്‍പ്പറേഷന്‍റെ മാസവരുമാനം എന്നാല്‍ 354 കോടിരൂപയാണ് ഒരു മാസം ഉണ്ടാവുന്ന ചിലവ്. ഇതില്‍ ശമ്പളത്തിന് 84.5 കോടി പെന്‍ഷന് 60 കോടി ഡീസലിന് 90 കോടി എന്നിങ്ങനെയാണ് ചിലവ് വരുന്നത്. മൂന്ന് മാസത്തിനകം കോര്‍പ്പറേഷന്‍റെ ബാധ്യതകള്‍ എല്ലാം തീര്‍ക്കും എന്ന് ധനമന്ത്രി പറഞ്ഞു എങ്കിലും എങ്ങനെ എന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു.