കേരളം ഭിക്ഷാടന മാഫിയായുടെ പിടിയില്‍ : പി.സി.ജോര്‍ജ്

കോട്ടയം : അധികാരികളുടെ കണ്‍മുന്നില്‍ നടക്കുന്ന ക്രിമിനല്‍ കുറ്റമായി കേരളത്തില്‍ ഭിക്ഷാടന മാഫിയ സൈ്വരവിഹാരം നടത്തുകയാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. ഇത് തടയാന്‍ സ്റ്റാറ്റൃൂട്ടറി അധികാരങ്ങളുള്ള ജനകീയ സമിതികള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലെ കൊച്ചു കുട്ടികളുടെ മാതാപിതാക്കള്‍ ഭയപ്പെട്ടു കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്നു. മൂന്നിനും ആറിനും വയസ്സിനിടയിലുള്ള കുട്ടികളാണ് വീട്ടുമുറ്റത്ത് നിന്നുപോലും അപഹരിക്കപ്പെടുന്നത്. അപരിചിതരായ ആളുകളുടെ സാന്നിദ്ധ്യം സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരികയാണ്. അന്യസംസ്ഥാനത്തു നിന്നും തൊഴില്‍ തേടിയെത്തുന്നവര്‍ ദിനംതോറും പെരുകി വരുന്നു. ഗ്രാമനഗര വ്യത്യാസമില്ലാതെ ഇത്തരം തൊഴിലാളികളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഇവര്‍ക്കിടയില്‍ നുഴഞ്ഞു കയറിയാണ് ഭിക്ഷാടന മാഫിയ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ഭിക്ഷയെടുക്കാന്‍ നിയോഗിക്കുന്നവര്‍ പരിസരം പഠിച്ചതിനുശേഷം സ്ത്രീകളടക്കമുള്ളവരെ കുട്ടികളെ തട്ടിയെടുക്കാന്‍ നിയോഗിക്കുകയാണ്. പോലീസിന് മാത്രമായി ഇതു തടയാനാവില്ല. വ്യാപകമായ ജനകീയ ഇടപെടല്‍ ഇതിനാവശ്യമാണ്. നിരന്തര നിരീക്ഷണത്തിനുള്ള സംവിധാനങ്ങളുമൊരുക്കേണ്ടതായിട്ടുണ്ട്. ഇതിനായി നിയമപരമായ അധികാരങ്ങളുള്ള ജനകീയ സമിതികള്‍ കൂടിയേ മതിയാകൂ. അപരിചിതരെ കര്‍ശന നിരീക്ഷണത്തിനും ചോദ്യം ചെയ്യലിനും വിധേയമാക്കിയില്ലെങ്കില്‍ കുട്ടികള്‍ സുരക്ഷിതരല്ലാത്ത ഇടമായി കേരളം മാറും. ആരാധനാലയങ്ങളുടെ പരിസരത്തും മതആദ്ധ്യാത്മിക സമ്മേളന സ്ഥലങ്ങളിലും ഭിക്ഷക്കാരെത്തുന്നത് തടയാന്‍ ആരാധനാലയങ്ങളുടെ ചുമതലക്കാര്‍ക്കും സംഘാടകര്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണം. അവിടങ്ങളില്‍ ഭിക്ഷയെടുക്കുന്നത് തടയാത്ത ഉത്തരവാദിത്വപ്പെട്ടവരെ ക്രിമിനല്‍ നടപടി പ്രോത്സാഹനത്തിന് പ്രോസിക്യൂട്ട് ചെയ്യത്തക്കവിധം നിയമനിര്‍മ്മാണം നടത്തണം. ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ സ്‌കൂളുകളിലടക്കം വ്യാപക ബോധവത്കരണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.