ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ മറ്റൊരു മരണക്കളിയായി ‘ടൈഡ് പോഡ് ചലഞ്ച്’; ഗെയിം കളിച്ച കൗമാരക്കാരന്റെ അന്നനാളവും ആമാശയവും തകര്‍ന്നു
അത്യന്തം അപകടകരമായ ബ്ലൂവെയില്‍ ഗെയിമിന്റെ ഭീഷണി മാറിവരികെ അപകടകരമായ മറ്റൊരു ഗെയിം കൂടി കൗമാരക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നു.’ടൈഡ് പോഡ് ചലഞ്ച്’ എന്ന ഗെയിമാണ് ഭീതി വിതച്ച് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ചൂടാക്കിയ സോപ്പ് പൊടി വായിലിട്ട് തുപ്പുകയും ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുന്നതാണ് ഈ ഗെയിം. കേള്‍ക്കുമ്പോള്‍ തന്നെ ഈ ഗെയിമിന്റെ ഭീകരത മനസിലാകും.
വസ്ത്രങ്ങള്‍ കഴുകുന്നതിന് ഉപയോഗിക്കുന്ന സോപ്പുപൊടി കഴിക്കുകയും ഇതിന്റെ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയുമാണ് ടൈഡ് പോഡ് ചലഞ്ച്ആവശ്യപ്പെടുന്നത്. വിഡിയോ പോസ്റ്റു ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെ ഇത് ചെയ്യാനായി വെല്ലുവിളിക്കുകയും വേണം.
ഈ മരണക്കളിക്ക് ഇരയായ 17 കാരന്റെ അവസ്ഥ ഇപ്പോള്‍ അതീവ ഗുരുതരമായി തുടരുകയാണ്. പേര് വെളിപ്പെടുത്താത്ത ഈ കൗമാരക്കാരന്‍ ഒന്നല്ല മൂന്നു സോപ്പുപൊടി പാക്കറ്റുകളാണ് മത്സരത്തിനായി കഴിച്ചത്. അമേരിക്കയിലാണ് സംഭവം. കടുത്ത ഛര്‍ദ്ദിയും വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ട കുട്ടിയെ ഉടനടി അമ്മ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗെയിമിനായി പൊടി എടുത്ത് കഴിച്ച ഇയാളുടെ ഇയാളുടെ തൊണ്ടയിലും വയറ്റിലും പൊള്ളലേറ്റ പോലെയുള്ള അസ്വസ്ഥതകളായിരുന്നു ആദ്യം ആരംഭിച്ചത്. വൈകാതെ വായില്‍ നിന്നും പത വരാന്‍ തുടങ്ങുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്തു എന്ന് കുട്ടിയുടെ അമ്മ പറയുന്നു.
ആശുപത്രിയിലെ പരിശോധനയില്‍ കുട്ടിയുടെ അന്നനാളത്തില്‍ പൊള്ളലേറ്റതായി കണ്ടെത്തി. ഒപ്പം ആമാശയം തകര്‍ന്നിരുന്നു. മാരകമായ കെമിക്കലുകള്‍ ഉള്ളില്‍ ചെന്നതാണ് ഇതിന്റെ കാരണം. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ കുട്ടിയുടെ രക്തത്തിലെ ഓക്‌സിജന്‍ അളവ് ക്രമാതീതമായി കുറഞ്ഞിരുന്നു. ഒപ്പം ബോധവും നഷ്ടമായിരുന്നു. ഉടനടി വൈദ്യസഹായം എത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
13-19 പ്രായത്തിനിടയിലെ കുട്ടികളില്‍ ഇത്തരം ഗെയിമുകള്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണു അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് പോയിസണ്‍ കണ്‍ട്രോള്‍ സെന്ററിന്റെ കണക്കുകള്‍ പറയുന്നത്. കോമ അവസ്ഥ മുതല്‍ മരണം വരെ സംഭവിക്കാവുന്ന ഗെയിം ആണ് ഇതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.